പാരിസ്: വിദ്യാഭ്യാസം അവകാശമാണ്, ആനുകൂല്യമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി ഫ്രാന്‍സില്‍ നടക്കുന്ന വിദ്യാര്‍ഥി സമരം ആളിക്കത്തുന്നു. രണ്ടാഴ്ചയായി തുടരുന്ന പ്രതിഷേധത്തില്‍ ഇതുവരെ മൂവായിരത്തിലേറെപ്പേര്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും പൊലീസിനുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപത്തിന്റെ കുറവ്, സ്‌കൂള്‍ കെട്ടിടങ്ങളുടെ ജീര്‍ണാവസ്ഥ, തിങ്ങിനിറഞ്ഞ ക്ലാസുകള്‍, അധ്യാപകരുടെ തുഛമായ വേതനം, ജീവനക്കാരുടെ അഭാവം, വ്യവസ്ഥിതിയിലെ സമത്വമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയിരിക്കുന്നത്.
വെള്ളിയാഴ്ച ഫ്രാന്‍സിലുടനീളം 900ലേറെ പ്രകടനങ്ങളാണ് നടന്നത്. വിദ്യാര്‍ഥികള്‍ സ്‌കൂളുകള്‍ ഉപരോധിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തതോടെ അഞ്ഞൂറിലധികം സ്‌കൂളുകളാണ് അടച്ചിട്ടിരിക്കുന്നത്.
പ്രതിഷേധങ്ങളെ ശാന്തമാക്കുന്ന ശ്രമത്തില്‍, വെള്ളിയാഴ്ച രാവിലെ വിദ്യാഭ്യാസ യൂണിയനുകള്‍, വിദ്യാര്‍ഥി സംഘടനകള്‍, രക്ഷകര്‍തൃ സംഘടനകള്‍ എന്നിവരുമായി വിദ്യാഭ്യാസ മന്ത്രി എഡ്വേര്‍ഡ് ജെഫ്രെ കൂടിക്കാഴ്ച നടത്തി.
വിദ്യാഭ്യാസ പരിഷ്‌കരണത്തിനായുള്ള നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കനാകുന്ന ഒരു പ്ലാറ്റ്‌ഫോം ആരംഭിച്ചതായും ഇത് വിലയിരുത്തി ഒരു നാഷണല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാരില്‍ നിന്ന് ഉറപ്പുകളൊന്നും ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥിസംഘടനകള്‍ തുടര്‍ച്ചയായ പ്രകടനങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2024-25 അധ്യയനവര്‍ഷത്തില്‍ പൊതുമേഖലയിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപനത്തിനായി നിശ്ചയിച്ച സമയത്തിന്റെ ഏകദേശം 10 ശതമാനം ക്ലാസുകള്‍ നടന്നില്ല. ഇതില്‍ 7.5 ശതമാനവും പകരം അധ്യാപകരെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ക്ലാസുകള്‍ നടക്കാതെ പോയത്.
വേനല്‍ക്കാലത്തെ ഉഷ്ണതരംഗ സമയത്തെ സാഹചര്യങ്ങളില്‍ തിങ്ങിനിറഞ്ഞ ക്ലാസ് മുറികളില്‍ ഇരുന്ന് പഠിക്കാന്‍ സാധ്യമല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
രാജ്യത്തെ ഓണ്‍ലൈന്‍ സര്‍വകലാശാലാ അപേക്ഷാ സംവിധാനമായ പാര്‍കൂര്‍സപ്(Parcoursup) സംബന്ധിച്ചും പരാതികള്‍ ഉണ്ട്.
സെപ്റ്റംബര്‍ അവസാനത്തോടെ പാരീസിനടുത്തുള്ള ക്രെതെയിലെ ലൈസി സെയ്‌ന്റെ് എക്‌സുപെറിയിലെ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ കുറവും മതിയായ വിഭവങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സമരങ്ങള്‍ക്ക് തുടക്കമായത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫ്രാന്‍സിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സ്‌കൂളുകള്‍ ഉപരോധിക്കുകയും ചിലയിടങ്ങളില്‍ തീവെപ്പ് നടക്കുകയും ചെയ്തിട്ടുണ്ട്.
പൊതുസ്വത്തിന് നാശനഷ്ടമുണ്ടാക്കിയ കുട്ടികളുടെ മാതാപിതാക്കള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് ഫ്രഞ്ച് നീതിന്യായമന്ത്രി ജെറാള്‍ഡ് ദെര്‍മാനിന്‍ പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു വ്യാഴാഴ്ച അടിന്തരയോഗം വിളിച്ചുചേര്‍ക്കുകയും പ്രകടനങ്ങള്‍ അടിച്ചമര്‍ത്തുന്നതിനായി മന്ത്രിമാരുടെ യാത്രാപദ്ധതികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
യുവാക്കള്‍ക്ക് ഉണ്ടായേക്കാവുന്ന ഉത്കണ്ഠകളും കോപവും മനസിലാക്കുന്നുവെന്നും എന്നാല്‍ അവ ആക്രമണങ്ങളെ നിയമവിധേയമാക്കുന്നില്ല എന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
Content Highlight: Fires, fury and hundreds of arrests as France gripped by student protest.
