ഗോള്‍ഡന്‍ ഡക്ക്, അനാരോഗ്യം, ഇതിനിടെ അടുത്ത തിരിച്ചടിയും; അഭിഷേകിന്റെ ലോകറെക്കോഡ് തകര്‍ത്ത് ഫിന്‍ അലന്‍
Sports News
ഗോള്‍ഡന്‍ ഡക്ക്, അനാരോഗ്യം, ഇതിനിടെ അടുത്ത തിരിച്ചടിയും; അഭിഷേകിന്റെ ലോകറെക്കോഡ് തകര്‍ത്ത് ഫിന്‍ അലന്‍
ആദര്‍ശ് എം.കെ.
Wednesday, 11th February 2026, 8:57 am

ടി-20 ലോകകപ്പില്‍ യു.എ.ഇയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ വിജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.

യു.എ.ഇ ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 15.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഓപ്പണര്‍ ടിം സീഫെര്‍ട്ടിന്റെയും (42 പന്തില്‍ 89*) ഫിന്‍ അലന്റെയും (50 പന്തില്‍ 84*) കരുത്തിലാണ് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയത്.

ഈ ഇന്നിങ്‌സിന് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ 5000 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ് ഫിന്‍ അലന്‍. 173 ഇന്നിങ്‌സില്‍ നിന്നും 30.39 ശരാശരിയില്‍ 5,046 റണ്‍സാണ് നിലവില്‍ ഫിന്‍ അലന്റെ പേരിലുള്ളത്.

ഫിന്‍ അലന്‍. Photo: ICC

175.02 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ അഞ്ച് സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും അടക്കമാണ് താരം സ്‌കോര്‍ ചെയ്തത്.

ന്യൂസിലാന്‍ഡ് ദേശീയ ടീമിന് പുറമെ ഓക്‌ലാന്‍ഡ്, ബെര്‍മിങ്ഹാം ഫീനിക്‌സ്, ലങ്കാഷെയര്‍, പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ്, ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ്, സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സ്, സതേണ്‍ ബ്രേവ്, വെല്ലിങ്ടണ്‍, യോര്‍ക്‌ഷെയര്‍ എന്നിവര്‍ക്കായാണ് കുട്ടിക്രിക്കറ്റില്‍ താരം ബാറ്റെടുത്തത്.

പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനൊപ്പം. Photo: Cricket Australia

ടി-20യില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ ഒരു റെക്കോഡും ഫിന്‍ അലന്റെ പേരില്‍ കുറിക്കപ്പെട്ടു. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് മാര്‍ക് പിന്നിട്ട താരമെന്ന നേട്ടമാണ് ന്യൂസിലാന്‍ഡ് ഓപ്പണര്‍ സ്വന്തമാക്കിയത്.

ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മയെ മറികടന്നുകൊണ്ടായിരുന്നു ഈ നേട്ടം.

അഭിഷേക് ശര്‍മ. Photo: BCCI/x.com

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് മാര്‍ക് പിന്നിട്ട താരം

*നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍

(താരം – നേരിട്ട പന്ത് എന്നീ ക്രമത്തില്‍)

ഫിന്‍ അലന്‍ – 2,854

അഭിഷേക് ശര്‍മ – 2,898

ആന്ദ്രേ റസല്‍ – 2,942

ടിം ഡേവിഡ് – 3,127

വില്‍ ജാക്‌സ് – 3,196

യു.എ.ഇക്കെതിരായ വിജയത്തിന് പിന്നാലെ കളിച്ച രണ്ട് മത്സരവും ജയിച്ച് നാല് പോയിന്റോടെ ഗ്രൂപ്പ് ഡി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് ന്യൂസിലാന്‍ഡ്.

ഫെബ്രുവരി 14നാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

അതേസമയം, ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മ കളത്തിലിറങ്ങിയേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. അനാരോഗ്യമാണ് താരത്തെ പിന്നോട്ട് വലിച്ചിരിക്കുന്നത്. യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയിരുന്നു.

 

Content Highlight: Finn Allen surpassed Abhishek Sharma to set the record of fastest to 5000 runs in T20 cricket

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.