ബി.ബി.സി പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിച്ച ഗസയില്‍ നിന്നുള്ള ഡോക്യുമെന്ററിക്ക് പുരസ്‌കാരം; ബാഫ്ത വേദിയില്‍ ബി.ബി.സിക്ക് വിമര്‍ശനം
World
ബി.ബി.സി പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിച്ച ഗസയില്‍ നിന്നുള്ള ഡോക്യുമെന്ററിക്ക് പുരസ്‌കാരം; ബാഫ്ത വേദിയില്‍ ബി.ബി.സിക്ക് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th May 2026, 11:37 am

ലണ്ടന്‍: ബ്രിട്ടിഷ് മാധ്യമസ്ഥാപനമായ ബി.ബി.സി പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിച്ച ഗസയില്‍ നിന്നുള്ള ഡോക്യുമെന്ററിക്ക് ബാഫ്ത പുരസ്‌കാരം. പുരസ്‌കാര നേട്ടത്തിന് പിറകെ ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ ബി.ബി.സിയുടെ നിലപാടിനെതിരെ വിമര്‍ശനമുന്നയിച്ചു. ഫലസ്തീനിയന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ നിര്‍മിച്ച ‘ഗസ: ഡോക്‌ടേഴ്‌സ് അണ്ടര്‍ അറ്റാക്ക്’ എന്ന ഡോക്യുമെന്ററിക്കാണ് കറന്‌റ് അഫയേഴ്‌സ് വിഭാഗത്തില്‍ ബാഫ്ത ടിവി പുരസ്‌കാരം ലഭിച്ചത്.

ഗസയിലെ ആരോഗ്യരംഗത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയെ നിശബ്ദമാക്കാന്‍ ബി.ബി.സി ശ്രമിക്കുകയായിരുന്നുവെന്ന് ഡോക്യുമെന്ററി നരേറ്ററായ റമിത നവായ് വിമര്‍ശിച്ചു. പുരസ്‌കാരം ലഭിച്ച ശേഷം ബാഫ്ത വേദിയില്‍ സംസാരിക്കവെയായിരുന്നു അവര്‍ വിമര്‍ശനമുന്നയിച്ചത്.

ബി.ബി.സിയുടെ ആവശ്യപ്രകാരം നിര്‍മിച്ചതായിരുന്നു ഡോക്യുമെന്ററി. എന്നാല്‍ കഴിഞ്ഞ ജൂണില്‍ ഈ ഡോക്യുമെന്‌ററി പ്രദര്‍ശിപ്പിക്കാന്‍ ബി.ബി.സി വിസമ്മതിച്ചു. പിന്നീട് ചാനല്‍ 4 ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ഡോക്യുമെന്ററി നിര്‍മിക്കാനായി പണം തന്ന ബി.ബി.സി പക്ഷേ ആ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിച്ചുവെന്ന് റമിത നവായ് പറഞ്ഞു. നിശബ്ദമാക്കപ്പെടുന്നതിനും സെന്‍സര്‍ ചെയ്യപ്പെടുന്നതിനും വിധേയരാവാന്‍ തങ്ങള്‍ക്ക് മനസ്സില്ലായിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച ചാനല്‍ ഫോറിന് നന്ദി പറയുന്നുവെന്നും അവര്‍ പറഞ്ഞു.

ചിത്രത്തിന്‌റെ നിര്‍മാതാവ് ബെന്‍ ഡെ പിയറും ബാഫ്ത വേദിയില്‍ ബി.ബി.സിയെ വിമര്‍ശിച്ചു. തങ്ങളുടെ ഡോക്യുമെന്ററിക്ക് അംഗീകാരം ലഭിച്ച ബാഫ്ത പുരസ്‌കാര ചടങ്ങും ബി.ബി.സി പ്രദര്‍ശിപ്പിക്കാതിരിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

ഫലസ്തീനിയന്‍ ശബ്ദങ്ങളെ ബി.ബി.സി വ്യവസ്ഥാപിതമായി അവഗണിക്കുകയും സെന്‍സര്‍ ചെയ്യുകയുമാണെന്ന ആരോപണങ്ങള്‍ സമീപകാലത്ത് ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെയാണ് ഡോക്യുമെന്‌ററി പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ പുറത്തുവന്നത്.

ഗസയിലെ ആശുപത്രികളില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങള്‍, 1700 ഓളം ഫലസ്തീനിയന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കൊലപാതകം എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതാണ് ഡോക്യുമെന്ററി. എന്തുകൊണ്ടാണ് ഡോക്യുമെന്ററി വിവാദമായതെന്ന് അതിന്‌റെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ടെന്ന് നവായ് പറഞ്ഞു. ഇസ്രഈലിന്‌റെ വെടിവയ്പില്‍ കൊല്ലപ്പെട്ട ഒരു ആരോഗ്യ പ്രവര്‍ത്തകന്‌റെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങളോടെയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്.

ഗസയിലെ ആരോഗ്യ മേഖലയെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്ന ഇസ്രഈലി നിലപാടിനെ ഈ ഡോക്യുമെന്ററി തുറന്നുകാണിക്കുന്നുവെന്ന് നവായ് അഭിപ്രായപ്പെട്ടിരുന്നു. ഗസയിലെ ആരോഗ്യ മേഖല നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നവരെ ഇസ്രായേല്‍ കൊലപ്പെടുത്തുകയാണെന്ന് ഡോക്യുമെന്‌ററിയില്‍ നവായ് പറയുന്നുണ്ട്.

ഡോക്യുമെന്ററി പ്രദര്‍ശന തീയതിക്ക് ഏതാനും ആഴ്ചകള്‍ ബാക്കിനില്‍ക്കേയായിരുന്നു ബിബിസിയുടെ പിന്മാറ്റം. നിഷ്പക്ഷതയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ആശങ്കകളുണ്ടെന്ന വാദം ഉന്നയിച്ചാണ് ബി.ബി.സി പിന്‍മാറിയത്. ഡോക്യുമെന്ററിയിലെ നറേറ്ററായ നവായിയുടെ ഭാഷ ബി.ബി.സിയുടെ നിഷ്പക്ഷതയുടെ മാനദണ്ഡങ്ങളുമായി ഒത്ത് പോകുന്നതല്ലെന്ന് മാധ്യമ സ്ഥാപനത്തിന്‌റെ അന്നത്തെ വാര്‍ത്താവിഭാഗം മേധാവി ദെബോറ ടര്‍ണസ് അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Filmmakers slam BBC after Gaza documentary wins award despite being dropped