ലോകമെമ്പാടുള്ള ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി 2026 ഫിഫ ലോകകപ്പ് പുരോഗമിക്കുകയാണ്. രണ്ടാം റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ആറ് ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിട്ടുണ്ട്. മെക്സിക്കോ, യു.എസ്.എ, ജർമനി, ഫ്രാൻസ്, നോർവേ, അർജന്റീന എന്നീ ടീമുകളാണ് റൗണ്ട് 32ലേക്ക് യോഗ്യത നേടിയവർ.
രണ്ട് മത്സരങ്ങൾ അവസാനിച്ചെങ്കിലും മുൻ ചാമ്പ്യന്മാരായ സ്പെയ്ൻ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പിച്ചിട്ടില്ല. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ടീം രണ്ടാം മത്സരത്തിൽ തർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതായതിനാൽ തന്നെ റൗണ്ട് 32ൽ എത്താൻ സാധ്യത ഏറെയാണ്.
യോഗ്യത ഉറപ്പിച്ചിട്ടില്ലെങ്കിലും സ്പാനിഷ് ആരാധകർ വലിയ സന്തോഷത്തിലാണ്. 2010 ലോകകപ്പിൽ തങ്ങളുടെ പ്രിയ ടീം ഏക കിരീടമുയർത്തിയപ്പോൾ നടന്ന സമാന സംഭവങ്ങളും ഇത്തവണയും സംഭവിച്ചിട്ടുണ്ട് എന്നതാണ് അവരെ ആവേശത്തിലാഴ്ത്തുന്നത്.
2010ൽ സ്പാനിഷ് ലോകകപ്പ് സ്‌ക്വാഡിൽ എട്ട് ബാഴ്‌സലോണ താരങ്ങളുണ്ടായിരുന്നു. ഇത്തവണത്തെ ടീമിലും അത്ര തന്നെ ബ്ലൂഗ്രാന താരങ്ങളാണുള്ളത്.
ഇത്തവണയും 2010ലും സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ഒരു കിരീടം പോലും സ്വന്തമാക്കിയിരുന്നില്ല എന്നതാണ് മറ്റൊരു സമാനത. കൂടാതെ ഈ രണ്ട് തവണയും ജോസ് മൗറീഞ്ഞോ റയലിന്റെ പരിശീലകനായി ചുമതല ഏറ്റെടുത്തിരുന്നു. ഇതിനൊപ്പം 2010ലേത് പോലെ 2026ലും സ്പെയ്നായിരുന്നു യൂറോപ്യൻ ചാമ്പ്യന്മാർ.
2010 ലോകകപ്പ് ഉദ്‌ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്ന മെക്സിക്കോയും സൗത്ത് ആഫ്രിക്കയും. Photo: Asare Boadu/x.com
ഈ രണ്ട് ലോകകപ്പ് എഡിഷനുകളിലും രണ്ട് സമാനതകളുണ്ട്. 2010ലെ പോലെ ഇത്തവണത്തെ ഉദ്‌ഘാടന മത്സരം സൗത്ത് ആഫ്രിക്കയും മെക്സിക്കോയുമായിരുന്നു. ഇരു എഡിഷനുകളും ലോകകപ്പ് ഗാനം ആലപിച്ചത് ഷകീറയാണ് എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ, 2010 ലോകകപ്പിലേത് പോലെ സ്പെയ്ൻ ഗ്രൂപ്പ് എച്ച് തന്നെയാണ് ഇത്തവണയും ഇടം പിടിച്ചിരിക്കുന്നത്.
അർജന്റൈൻ പരിശീലകനായ മാർസെലോ ബീൽസ സ്പെയ്നിനെതിരെ മാനേജരായി ഇറങ്ങുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 2010ൽ ചിലിയുടെ പരിശീലകനാണെന്നിൽ അദ്ദേഹം ഇത്തവണ ഉറുഗ്വേക്കൊപ്പമാണ്.
2026 ലാലിഗ കിരീടവുമായി ബാഴ്‌സലോണ. Photo: FC Barcelona/x.com
മറ്റ് സമാനതകൾ രണ്ട് സ്പാനിഷ് ക്ലബ്ബുകളുമായി ബന്ധപ്പെട്ടതാണ്. അതിൽ ഒന്ന് 2010ലും 2026ലും അത്‌ലറ്റികോ മാഡ്രിഡ് കോപ്പ ഡെൽ റേ ഫൈനലിൽ പരാജയപ്പെട്ടതാണ്. ഈ രണ്ട് വർഷവും ബാഴ്‌സലോണ ലാലിഗയോടൊപ്പം സ്പാനിഷ് സൂപ്പർ കപ്പുമുയർത്തിയിട്ടുണ്ട് എന്നതാണ് മറ്റൊന്ന്. ഇത്രയും സമാനതകൾ ഒരുമിച്ച് വരുന്നതിനാൽ സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് ഉയർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Content Highlight: FIFA World Cup 2026: some coincidences of 2010 and 2026 point Spain as World Cup Champions