ക്ലോസെയെ വീണ്ടും വീഴ്ത്താന്‍ മെസി; ഐതിഹാസിക നേട്ടമരികെ
Football
ക്ലോസെയെ വീണ്ടും വീഴ്ത്താന്‍ മെസി; ഐതിഹാസിക നേട്ടമരികെ
ഫസീഹ പി.സി.
Monday, 29th June 2026, 11:39 am

2026 ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന നോക്കൗട്ട് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നത്. ഹാട്രിക്ക് വിജയം നേടിയെത്തുന്ന ലാ ആല്‍ബിസെലെസ്റ്റെയുടെ എതിരാളികള്‍ അരങ്ങേറ്റക്കാരായ കേപ്പ് വെര്‍ദെയാണ്. ജൂണ്‍ നാലിന് മയാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് ഇറങ്ങുന്ന സൂപ്പര്‍ താരം ലയണല്‍ മെസിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരങ്ങളില്‍ ഒന്നാമതെത്താനാണ് അര്‍ജന്റൈന്‍ നായകന് അവസരമുള്ളത്.

ഇതിനായി മെസിക്ക് പെനാല്‍റ്റിയിലൂടെ അല്ലാതെ രണ്ട് ഗോളുകള്‍ കൂടി അടിച്ചാല്‍ മതി. നിലവില്‍ താരം ലോകകപ്പില്‍ 15 നോണ്‍ പെനാല്‍റ്റി ഗോളുകള്‍ വലയിലെത്തിച്ചിട്ടുണ്ട്.

ഈ ലിസ്റ്റില്‍ ഒന്നാമത് ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയാണ്. താരം പെനാല്‍റ്റിയിലൂടെ അല്ലാതെ 16 തവണയാണ് എതിരാളികളുടെ വല കുലുക്കിയത്.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – ഗോളുകള്‍ എന്നീ ക്രമത്തില്‍)

മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 16

ലയണല്‍ മെസി – അര്‍ജന്റീന – 15

റൊണാള്‍ഡോ നസാരിയോ – ബ്രസീല്‍ – 14

കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 14

ഗെര്‍ഡ് മുള്ളര്‍ – ജര്‍മനി – 13

അതേസമയം, 2026 ഫിഫ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് മെസി നടത്തുന്നത്. അള്‍ജീരിയക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഹാട്രിക്ക് അടിച്ചാണ് താരം ആറാം ലോകകപ്പിന് തുടക്കമിട്ടത്. പിന്നാലെ ഓസ്ട്രിയ്‌ക്കെതിരെ ഇരട്ട ഗോളുകളും മിശിഹ നേടി.

അവസാന ഗ്രൂപ്പ് മത്സരത്തിലും മെസി ഗോള്‍ അടിച്ചിരുന്നു. ജോര്‍ദാനെതിരെ പകരക്കാനായി ഇറങ്ങി ഒരു ഗോളാണ് താരം വലയിലെത്തിച്ചത്. ഇതോടെ ഈ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരില്‍ ആറ് ഗോളുകളുമായി അര്‍ജന്റൈന്‍ നായകന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Content Highlight: FIFA World Cup 2026: Lionel Messi needs two goals to surpass Miroslav Klose in most non penalty goals in FIFA World Cup history

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.