മെസി ലോകം കീഴടക്കിയ ചരിത്ര രാവില്‍ മലയാളികളെ കോരിത്തരിപ്പിച്ച് ഫിഫ
FIFA World Cup 2026
മെസി ലോകം കീഴടക്കിയ ചരിത്ര രാവില്‍ മലയാളികളെ കോരിത്തരിപ്പിച്ച് ഫിഫ
സുദേവ് എ
Tuesday, 23rd June 2026, 10:07 am

2026 ഫിഫ ലോകകപ്പില്‍ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന റൗണ്ട് ഓഫ് 32ലേക്ക് കടന്നിരിക്കുകയാണ്. ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് അര്‍ജന്റീന അടുത്ത റൗണ്ടിലേക്ക് കടന്നത്.

ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് അര്‍ജന്റീന വിജയിച്ചുകയറിയത്. ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക് നേടി തിളങ്ങിയ മെസി ഈ മത്സരത്തിലും ഗോള്‍ വേട്ട തുടരുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി മെസി നഷ്ടപ്പെടുത്തി ആരാധകരെ നിരാശരാക്കിയെങ്കിലും പിന്നീട് ഇരട്ട ഗോള്‍ നെടി മെസി അര്‍ജന്റീനയെ മറ്റൊരു വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തില്‍ നേടിയ ഇരട്ട ഗോളുകള്‍ക്ക് പിന്നാലെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായും മെസി മാറി. ലോകകപ്പില്‍ 18 ഗോളുകള്‍ എതിരാളികളുടെ വലയില്‍ എത്തിച്ചാണ് മെസി തലപ്പെത്തിയത്. 16 ഗോളുകള്‍ നേടിയ ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയെ മറികടന്നാണ് മെസിയുടെ കുതിപ്പ്.

മെസിയുടെ ഈ റെക്കോഡ് പ്രകടനങ്ങള്‍ക്ക് പിന്നാലെ മലയാളി ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കി ഫിഫ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. മെസിയുടെ ഫോട്ടോ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു ഫിഫ.

ഫഹദ് ഫാസിലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആവേശത്തിലെ ഗാനത്തിലെ വരികളാണ് മെസിയുടെ ചിത്രത്തില്‍ ഉണ്ടായിരുന്നത്. ‘ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തില്‍ 10’ എന്നാണ് ഫിഫ മെസിയുടെ ചിത്രത്തില്‍ എഴുതിയത്. പോസ്റ്റ് പുറത്ത് വന്ന് നിമിഷ നേരം കൊണ്ട് തന്നെ മലയാളി ഫുട്‌ബോള്‍ ആരാധകരുടെ ലൈക്കുകളും കമന്റുകളും സോഷ്യല്‍ മീഡിയയി നിറഞ്ഞു നിന്നു.

ഇതിന് മുമ്പും ഇത്തരത്തില്‍ മലയാളത്തില്‍ എഴുതിയ പോസ്റ്റുമായി ഫിഫ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. 2022 ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് കേരളത്തില്‍ സ്ഥാപിച്ച സൂപ്പര്‍താരങ്ങളായ റൊണാള്‍ഡോ, മെസി, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകള്‍ ഫിഫ പങ്കുവെച്ചിരുന്നു. കേരളത്തിലെ പുള്ളാവൂര്‍ പുഴയുടെ തീരത്ത് സ്ഥാപിച്ചിരുന്ന കട്ടൗട്ടുകളുടെ ചിത്രങ്ങളാണ് ഫിഫ അന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.

അതേസമയം ജൂണ്‍ 28നാണ് ലയണല്‍ മെസിയും സംഘവും ലോകത്തിലെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ജോര്‍ദാനാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പല റെക്കോഡുകളും തന്റെ പേരിലാക്കി മാറ്റിയ മെസി വരാനിരിക്കുന്ന മത്സരങ്ങളിലും പല ചരിത്രങ്ങളും തിരുത്തിയെഴുതുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: FIFA releases post in Malayalam following Lionel Messi’s brilliant performance in the World Cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.