നോമ്പിന്റെ സമയത്തും എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് മമ്മൂട്ടിയോട് താന്‍ ചോദിച്ചിട്ടുണ്ടെന്ന് നടി ഫറ ഷിബ്‌ല. നോമ്പിന്റെ സമയത്താണ് അദ്ദേഹം കണ്ണൂര്‍ സക്വാഡിനായി യാത്ര ചെയ്യുകയും ആക്ഷന്‍ ചെയ്യുകയും ചെയ്തു എന്നും ഫറ പറഞ്ഞു. മമ്മൂട്ടി യെസ് പറഞ്ഞില്ലെങ്കില്‍ കണ്ണൂര്‍ സ്‌ക്വാഡ് സംഭവിക്കുമോ എന്ന് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഫറ പറഞ്ഞു.

‘നോമ്പിന്റെ സമയത്താണ് കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് ചെയ്തത് എന്നാണ് എനിക്ക് തോന്നുന്നത്. വൈകുന്നേരം നോമ്പ് തുറക്കുന്ന സമയം വരെ വര്‍ക്ക് ചെയ്യുന്നത് എനിക്ക് ആലോചിക്കാന്‍ പോലും വയ്യ. ഞാന്‍ പല സമയത്തും എങ്ങനെയാണ് ഇത്രയും സമയം വര്‍ക്ക് ചെയ്യുന്നതെന്ന് മമ്മൂക്കയോട് ചോദിച്ചിട്ടുണ്ട്.

നോമ്പ് തുറന്ന് കഴിഞ്ഞാല്‍ ക്ഷീണിക്കും. ചിലപ്പോള്‍ മണിക്കൂറുകളുടെ ഇടവേളകളില്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുവായിരിക്കും. അങ്ങനെ എത്ര സമയം വര്‍ക്ക് ചെയ്യണം, യാത്ര ചെയ്യണം, ആക്ഷന്‍ ചെയ്യണം. മമ്മൂക്കയും ലാലേട്ടനും ഇന്നും സിനിമയില്‍ നില്‍ക്കുന്നത് സിനിമയോടുള്ള പാഷന്‍ കൊണ്ടാണ്. അവരുടെയൊക്കെ വീട്ടില്‍ ഒരു വലിയ പെട്ടി നിറയെ മടങ്ങിപ്പോയ ചെക്കുണ്ടെന്ന് ആരോ എന്നോട് പറഞ്ഞിട്ടുണ്ട്. പൈസയെക്കാള്‍ കൂടുതല്‍ ജോലിയെ സ്നേഹിച്ചതുകൊണ്ടാണ് അവര്‍ ഇപ്പോഴും നില്‍ക്കുന്നത്.

മമ്മൂക്കയുടെ ഇനിയുള്ള ലൈനപ്പുകള്‍ ഏതൊരു ആക്ടറും കൊതിക്കുന്ന സിനിമകളാണ്. ഞാന്‍ ഇന്ന് ആലോചിച്ചു, മമ്മൂക്ക യെസ് പറഞ്ഞില്ലെങ്കില്‍ കണ്ണൂര്‍ സ്‌ക്വാഡ് എന്നൊരു സിനിമ ഉണ്ടാവില്ല. എത്ര പേര്‍ക്കാണ് അതൊരു ബ്രേക്കായത്.

നെഗറ്റീവ് കണ്ടാല്‍ അതിന്റെ പിറകെ പോകരുത്. നിങ്ങള്‍ക്ക് സമാധാനത്തോടെയും സ്ഥിരതയോടെയും നില്‍ക്കണമെങ്കില്‍ പോസിറ്റീവാകണം, ആളുകളെ പരിഗണിക്കണം, എതിരെ നില്‍ക്കുന്ന ആളെ മനസിലാക്കണം. ഓരോരുത്തരും ഏതൊക്കെ പ്രശ്‌നങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് നമുക്ക് അറിയില്ല,’ ഫറ പറഞ്ഞു.

Content Highlight: Fara Shibla about Mammootty and Mohanlal