ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ പതറുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ആറാം വിക്കറ്റും നഷ്ടപ്പെട്ട് ഫോളോ ഓണ്‍ ഭീതിയിലാണ് ഇന്ത്യ. ഓസീസിന്റെ ബൗളിങ് കരുത്തിന് മുമ്പില്‍ വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചാണ് ഇന്ത്യ പ്രതിസന്ധിയിലായിരിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ടീം സ്‌കോര്‍ 30ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും പവലിയനിലേക്ക് മടങ്ങി. രോഹിത് 26 പന്തില്‍ നിന്നും 15 റണ്‍സുമായി പുറത്തായപ്പോള്‍ 25 പന്തില്‍ നിന്നും 13 റണ്‍സുമായാണ് ഗില്‍ പുറത്തായത്.

വണ്‍ ഡൗണായെത്തിയത് ഇന്ത്യയുടെ പ്രതീക്ഷയായ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയായിരുന്നു. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ വന്‍മതിലായ പൂജാര ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുമെന്ന് ആരാധകര്‍ കരുതി.

മറ്റ് താരങ്ങള്‍ ഐ.പി.എല്‍ കളിക്കുമ്പോള്‍ കൗണ്ടിയുടെ തിരക്കിലായിരുന്നു പൂജാര. തന്റെ ടെസ്റ്റ് സ്‌കില്ലുകളെ രാകിമിനുക്കിയെടുത്ത് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റാകാനുള്ള പൂജാരയുടെ ശ്രമത്തെ ആരാധകരും പ്രശംസിച്ചിരുന്നു.

എന്നാല്‍, നിര്‍ണായക മത്സരത്തില്‍ പൂജാരക്കും അടി തെറ്റി. ക്രീസില്‍ നങ്കൂരമിട്ട് സ്‌കോര്‍ ഉയര്‍ത്തുന്ന പൂജാരയെ അധികനേരം കളത്തില്‍ നിര്‍ത്തുന്നത് അപകടമാണെന്ന് മനസിലാക്കിയ ഓസീസ് അദ്ദേഹത്തിനായി കെണിയൊരുക്കി. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത ഗ്രീനിന്റെ തകര്‍പ്പന്‍ ഡെലിവെറിയില്‍ തന്റെ കുറ്റി തെറിക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു പൂജാരക്ക് സാധിച്ചത്.