‘നീങ്ക മമ്മൂട്ടി സാറാ'.... എന്നെ ഫോളോ സെയ്, ഗൂഗിൾ മാപ്പും കൈവിട്ടപ്പോൾ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായി പാണ്ട്യൻ, വീഡിയോ വൈറൽ
Malayalam Cinema
‘നീങ്ക മമ്മൂട്ടി സാറാ'.... എന്നെ ഫോളോ സെയ്, ഗൂഗിൾ മാപ്പും കൈവിട്ടപ്പോൾ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായി പാണ്ട്യൻ, വീഡിയോ വൈറൽ
അജ്മല്‍ കെ
Saturday, 15th August 2026, 9:35 am

പുലർച്ചെ മൂന്നരയോടെ വഴിയിൽ കുടുങ്ങിയ മമ്മൂട്ടിക്കും സംഘത്തിനും അപ്രതീക്ഷിത രക്ഷകനായി ഒരു ആരാധകൻ. ഗൂഗിൾ മാപ്പിന് പോലും വഴി കണ്ടെത്താനാകാതെ ഒരു മണിക്കൂറോളം വഴിയിൽപ്പെട്ട സിനിമാസംഘത്തിന് ഏകദേശം പത്ത് കിലോമീറ്ററോളം ബൈക്കിൽ മുന്നിൽ സഞ്ചരിച്ച് വഴി കാണിച്ച തമിഴ്‌നാട്ടുകാരനായ പാണ്ട്യന്റെ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിർമാതാവ് ആന്റോ ജോസഫാണ് ഈ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കാരക്കുടിയിലെ ലൊക്കേഷനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മമ്മൂട്ടിക്കൊപ്പം ആന്റോ ജോസഫ്, രമേഷ് പിഷാരടി, ജോർജ്, ഡ്രൈവർ ഉണ്ണി എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്കായതോടെ യാത്ര തടസ്സപ്പെട്ടു. ഗൂഗിൾ മാപ്പ് പല വഴികളിലൂടെ കൊണ്ടുപോയെങ്കിലും പലതും ബ്ലോക്ക് ആയിരുന്നതിനാൽ ഒരു മണിക്കൂറോളം സംഘം വഴിയിൽപ്പെട്ടു.

മമ്മൂട്ടി. രമേശ് പിഷാരടി. Photo. Facebook.com

ഒടുവിൽ കേരളത്തിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കാരക്കുടിയിലെ റൂമിലേക്ക് തന്നെ മടങ്ങാമെന്ന് മമ്മൂട്ടി നിർദേശിച്ചു. ഇതിനിടെ പട്ടമംഗലത്തെ ഒരു പെട്രോൾ പമ്പിൽ വാഹനം നിർത്തി വഴി ചോദിക്കുകയായിരുന്നു. അവിടെ ഉറങ്ങിക്കിടന്നിരുന്ന യുവാക്കളിൽ ഒരാളോട് വഴി ചോദിച്ചെങ്കിലും പറഞ്ഞ വഴികളിൽ പലതും നേരത്തെ തന്നെ സംഘം പോയതും പിന്നീട് ബ്ലോക്ക് ചെയ്യപ്പെട്ടതുമായിരുന്നു.

അതിനിടെയാണ് കുറച്ചുദൂരെ ഉറങ്ങിക്കിടന്നിരുന്ന മറ്റൊരു യുവാവ് എത്തുന്നത്. കാറിനുള്ളിലേക്ക് നോക്കിയ അയാൾ ആദ്യം ചോദിച്ചത്, ‘നീങ്ക മലയാളികളാ’ എന്നായിരുന്നു. പിന്നാലെ കാറിനുള്ളിൽ മമ്മൂട്ടിയെ കണ്ടതോടെ ഉറക്കച്ചടവ് മാറി. ആവേശത്തോടെ, ‘നീങ്ക മമ്മൂട്ടി സാറാ? എന്നെ ഫോളോ സെയ്’ എന്ന് പറഞ്ഞ പാണ്ട്യൻ സ്വന്തം ബൈക്കിൽ മുന്നിൽ കയറി.

തുടർന്ന് ഗൂഗിൾ മാപ്പിന് പോലും അറിയാത്ത വഴികളിലൂടെ പാണ്ട്യൻ ബൈക്കിൽ മുന്നിൽ സഞ്ചരിച്ചു. ഏകദേശം പത്ത് കിലോമീറ്ററോളം മമ്മൂട്ടിയും സംഘവും സഞ്ചരിച്ച കാറിന് വഴികാട്ടിയ ശേഷമാണ് ഹൈവേയിലേക്ക് എത്തിച്ചത്. വഴികാണിച്ചുകൊണ്ടിരിക്കെ ‘അപ്പടിയെ സ്ട്രൈറ്റ് കേരള’ എന്ന് കൈചൂണ്ടി പാണ്ട്യൻ വഴി കാണിച്ചുകൊടുത്തതായും ആന്റോ ജോസഫ് കുറിപ്പിൽ പറയുന്നു.

യാത്ര തുടരുന്നതിന് മുമ്പ് മമ്മൂട്ടി കാറിൽ നിന്നിറങ്ങി പാണ്ട്യന്റെ ഫോൺ വാങ്ങി രമേഷ് പിഷാരടിക്ക് നൽകുകയും ആരാധകനെ ചേർത്തുപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. പുലർച്ചെ മമ്മൂട്ടിയെ കണ്ടെന്നും അദ്ദേഹത്തിന് വഴി കാണിച്ചുകൊടുത്തെന്നും നാളെ ആരോടെങ്കിലും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു രമേഷ് പിഷാരടിയുടെ ചോദ്യം.

രമേശ് പിഷാരടി. Photo. Facebook.com

മമ്മൂട്ടിയുടെ ‘കെയർ & ഷെയർ’ ഓർമിപ്പിച്ചുകൊണ്ട്, ‘അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം, പാണ്ട്യൻ പാൻ ഇന്ത്യൻ ആകട്ടെ’ എന്നായിരുന്നു പിഷാരടിയുടെ മറുപടിയെന്നും ആന്റോ ജോസഫ് കുറിച്ചു.

അപ്രതീക്ഷിതമായി സൂപ്പർതാരത്തെ കണ്ടുമുട്ടിയതിന്റെ ആവേശത്തിൽ സ്വന്തം ബൈക്കിൽ പത്ത് കിലോമീറ്ററോളം വഴികാട്ടിയായ പാണ്ട്യനും, ആരാധകന്റെ സ്നേഹത്തിന് അതേ സ്നേഹത്തോടെ മറുപടി നൽകിയ മമ്മൂട്ടിയും ചേർന്ന നിമിഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും പാണ്ട്യനും ഒരുമിച്ചുള്ള ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Content Highlight: Fan helps Mammootty and his team find the way after Google Maps fails; video goes viral

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.