സിനിമാപ്രേമികള്‍ ഇന്ന് ഏറെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ആവേശത്തിന്റെ ടീസര്‍ പുറത്തുവന്നത് മുതല്‍ പ്രേക്ഷകര്‍ ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

വെള്ള പാന്റും ഷര്‍ട്ടും ധരിച്ച് കഴുത്തില്‍ ഗോള്‍ഡിന്റെ ചെയിനുമിട്ട് ബെംഗളൂരിലെ ഒരു ലോക്കല്‍ ഗുണ്ടയുടെ ലുക്കിലാണ് ഫഹദ് ചിത്രത്തില്‍ ഉണ്ടാകുക. കട്ടിമീശയും കൂളിങ് ഗ്ലാസുമണിഞ്ഞ രംഗന്‍ എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.

താന്‍ ഇതുപോലെയൊരു സിനിമ ആദ്യമായാണ് ചെയ്യുന്നതെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. പെട്ടെന്ന് ഈ സിനിമയെ പറ്റി ചോദിക്കുമ്പോള്‍ പറയാന്‍ പേടിയാണെന്നും ഫഹദ് പറയുന്നു.

‘ഞാന്‍ ഇതുപോലെയൊരു സിനിമ ആദ്യമായാണ് ചെയ്യുന്നത്. എന്റെ വിശ്വാസത്തില്‍ ജിത്തുവും സുഷിനും ബാക്കിയുള്ള എല്ലാവരും അങ്ങനെ തന്നെയാണ്. അതുകൊണ്ട് പെട്ടെന്ന് ഈ സിനിമയെ പറ്റി ചോദിക്കുമ്പോള്‍ പേടിയാണ് പറയാന്‍. എന്തൊക്കെ പറയണം എന്തൊക്കെ പറയണ്ട എന്നറിയില്ല.

പിന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ ഉള്ളത്, ഈ പടം കാണാന്‍ വളരെ എക്‌സൈറ്റ്‌മെന്റാകും എന്നാണ്. ആ കാര്യം ഞാന്‍ ഗ്യാരണ്ടി ചെയ്യാം. എല്ലാ സീനിലും വലിയ എനര്‍ജിയുള്ള സിനിമയാണ് ആവേശം. പടം എന്താണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ ആവില്ല. പക്ഷേ ഒരുപാട് എക്‌സൈറ്റിങ് മൊമന്റുകളുണ്ട്,’ ഫഹദ് ഫാസില്‍ പറഞ്ഞു.

സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകരുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2024 ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററില്‍ റിലീസിനെത്തുന്നത്.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നു.


Content Highlight: Fahadh Faasil Talks About Aavesham movie