മലയാളസിനിമ അടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും വലിയ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പേട്രിയറ്റ്. മോളിവുഡിലെ ബിഗ് എംസായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം അണിയിച്ചൊരുക്കിയത് മഹേഷ് നാരായണനാണ്. മാസ് മസാല എന്റര്‍ടൈനര്‍ പ്രതീക്ഷിച്ചുപോയ ആരാധകര്‍ക്ക് ചിത്രം അത്ര വര്‍ക്കായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 50 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞു. എന്നാല്‍ വന്‍ ബജറ്റ് കാരണം ചിത്രം ഹിറ്റാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഈയടുത്ത് വന്നതില്‍ ഏറ്റവും മികച്ച മേക്കിങ്ങാണ് പേട്രിയറ്റിന്റേത്. ബജറ്റില്‍ മാത്രമല്ല, സ്റ്റാര്‍ കാസ്റ്റിലും ചിത്രം വളരെ മുന്നിലാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ചിത്രത്തിലെ വില്ലന്‍ വേഷത്തിലാണ് ഫഹദ് പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്ക് ഫഹദ് വില്ലനായി വരുന്നു എന്ന് പറഞ്ഞപ്പോള്‍ സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷകളേറെയായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് ഫഹദിന്റെ ശക്തി എന്ന കഥാപാത്രം ഉയരാതെ പോയെന്ന് തന്നെ പറയാം. ഗംഭീര ബില്‍ഡപ്പിലാണ് മഹേഷ് നാരായണന്‍ ശക്തിയെ അവതരിപ്പിച്ചത്.
അച്ഛന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ബിസിനസ് വളര്‍ത്തുന്ന ശക്തി തനിക്കെതിരെ വരുന്ന ഓരോരുത്തരെയും ഇല്ലാതാക്കുന്നതായാണ് കാണിക്കുന്നത്. എന്നാല്‍ ഈ കഥാപാത്രത്തിനെ വേണ്ട രീതിയില്‍ ഡെവലപ് ചെയ്യാന്‍ സംവിധായകന് സാധിച്ചിട്ടില്ല. പല സീനിലും ഒപ്പമുള്ളവരോട് അലറി സംസാരിക്കുക, തെറി വിളിക്കുക എന്നതിനപ്പുറം ഫഹദിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഫ്‌ളാഷ്ബാക്കില്‍ ഫഹദിനെ ഡീ ഏജ് ചെയ്ത് കാണിച്ച രംഗം ഒ.ടി.ടിയിലെത്തുമ്പോള്‍ ട്രോള്‍ മെറ്റീരിയലാകുമെന്ന് ഉറപ്പാണ്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ എതിരെ നില്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് പകരം ഒപ്പമുള്ളവരോട് അലറുകയാണ്. രാജീവ് മേനോന്റെ കഥാപാത്രവുമായുള്ള ഫോണ്‍ സംഭാഷണമെല്ലാം ഒരു ഇംപാക്ടും ഉണ്ടാക്കുന്നില്ല.
തെലുങ്ക് ബിഗ് ബജറ്റ് സിനിമകളില്‍ സ്ഥിരം കാണുന്ന തരത്തിലുള്ള കോര്‍പ്പറേറ്റ് വില്ലന്മാരുടെ അതേ ടെംപ്ലേറ്റില്‍ തന്നെയാണ് ശക്തി എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുള്ളത്. ബിഗ് എംസിനെതിരെ നില്‍ക്കുന്ന വില്ലന്‍ എന്ന് പറയുമ്പോള്‍ ഇത്ര വീക്കായിട്ടുള്ള ക്യാരക്ടര്‍ ആര്‍ക് അല്ല ഫഹദ് അര്‍ഹിക്കുന്നത്. ഒന്നിച്ചപ്പോഴെല്ലാം മികച്ച വേഷങ്ങള്‍ മാത്രം ഫഹദിന് നല്‍കിയിട്ടുള്ള മഹേഷ് നാരായണന് ഇത്തവണ കൈപൊള്ളിയിട്ടുണ്ട്.
ആവേശത്തിന് ശേഷം തന്നിലെ നടന് വെല്ലുവിളിയാകുന്ന ഒരു കഥാപാത്രം പോലും ഫഹദില്‍ നിന്ന് ലഭിച്ചിട്ടില്ല. ബോഗെയ്ന്‍വില്ലയിലെ ഡേവിഡ് കോശി, പുഷ്പ 2ലെ ഭന്‍വര്‍ സിങ് ശെഖാവത്ത്, വേട്ടയനിലെ പാട്രിക്, ഓടും കുതിര ചാടും കുതിരയിലെ എബി എന്നീ കഥാപാത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. ഈ ലിസ്റ്റിലെ അവസാന എന്‍ട്രിയായി പേട്രിയറ്റിലെ ശക്തിയെ കണക്കാക്കാം.
Content Highlight: Fahadh Faasil’s character in Patriot movie