ലീഡ് റോളില്‍ ഫഹദും ശിവദയും... ഫീല്‍ ഗുഡ് പടങ്ങള്‍ ചെയ്ത പ്രേം കുമാര്‍ വക ത്രില്ലര്‍... പ്രതീക്ഷയോടെ സിനിമാലോകം
Indian Cinema
ലീഡ് റോളില്‍ ഫഹദും ശിവദയും... ഫീല്‍ ഗുഡ് പടങ്ങള്‍ ചെയ്ത പ്രേം കുമാര്‍ വക ത്രില്ലര്‍... പ്രതീക്ഷയോടെ സിനിമാലോകം
അമര്‍നാഥ് എം.
Sunday, 17th May 2026, 4:35 pm

മലയാളത്തിന് പകരം അന്യഭാഷയില്‍ കൂടുതല്‍ സജീവമാവുകയാണ് ഫഹദ് ഫാസില്‍. നിലവില്‍ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായ ഫഹദിന്റെ പുതിയ പ്രൊജക്ട് കഴിഞ്ഞദിവസം അനൗണ്‍സ് ചെയ്തിരുന്നു. വെറും രണ്ട് സിനിമകള്‍ കൊണ്ട് സിനിമാപ്രേമികളുടെ മനസില്‍ ഇടം നേടിയ പ്രേം കുമാറിന്റെ പുതിയ ചിത്രത്തില്‍ ഫഹദാണ് നായകന്‍.

കഴിഞ്ഞദിവസമാണ് ചിത്രം അനൗണ്‍സ് ചെയ്തത്. ഇന്ന് ചിത്രത്തിന്റെ പൂജയും നടന്നു. ഫഹദ് നായകനായെത്തുന്ന ചിത്രത്തില്‍ മലയാളി താരം ശിവദയാണ് നായിക. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ 96, ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ മെയ്യഴഗന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രേം കുമാര്‍ വീണ്ടും സംവിധായക കുപ്പായമണിയുമ്പോള്‍ പ്രതീക്ഷകളേറെയാണ്.

ഫഹദ് ഫാസില്‍ ശിവദ Photo: Vels Film International/ X.com

എന്നാല്‍ ഇത്തവണ ഫീല്‍ ഗുഡ് ഴോണര്‍ മാറ്റിപ്പിടിക്കാനൊരുങ്ങുകയാണ് പ്രേം കുമാര്‍. ത്രില്ലര്‍ ഴോണറിലാകും ഈ ചിത്രമൊരുക്കുക എന്ന് പ്രേം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കഥാപാത്രങ്ങളെ പ്രേക്ഷകരുമായി മികച്ച രീതിയില്‍ കണക്ടാക്കുന്ന സംവിധായകനും എല്ലാ കഥാപാത്രങ്ങളെയും ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്ന സംവിധായകനും ചേരുമ്പോള്‍ പ്രതീക്ഷകളേറെയാണ്.

തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ വേല്‍സ് ഇന്റര്‍നാഷണലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മുമ്പ് ചിയാന്‍ വിക്രമിനെ നായകനാക്കി ഒരു സിനിമ ചെയ്യുമെന്നായിരുന്നു പ്രേം കുമാര്‍ അറിയിച്ചത്. എന്നാല്‍ വിക്രം മറ്റ് തിരക്കുകളിലേക്ക് പോയതെടെ അടുത്ത പ്രൊജക്ടിലേക്ക് പ്രേം കുമാര്‍ കടന്നു. അടുത്ത വര്‍ഷത്തോടെ മാത്രമേ ഈ ചിത്രം തിയേറ്ററുകളിലെത്തുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ തെലുങ്ക് ചിത്രമായ ഡോണ്ട് ട്രബിള്‍ ദ ട്രബിളിന്റെ തിരക്കിലാണ് ഫഹദ്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയ നിര്‍മിക്കുന്ന ചിത്രം കോമഡി എന്റര്‍ടൈനറാണ്. ഈ ചിത്രം കാരണം മലയാളത്തില്‍ മറ്റ് പ്രൊജക്ടുകള്‍ ഏറ്റെടുക്കാനാകാതിരിക്കുകയാണ് ഫഹദ്. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിരയാണ് ഫഹദിന്റെ ലാസ്റ്റ് മലയാളം ചിത്രം.

ആവേശത്തിന് ശേഷം എടുത്തുപറയാന്‍ വലിയൊരു ഹിറ്റും വേഷവുമില്ലാത്ത അവസ്ഥ കൂടിയാണ് ഫഹദിന്. പുഷ്പ 2, ബോഗെയ്ന്‍വില്ല തുടങ്ങിയ ചിത്രങ്ങളിലെല്ലാം പ്രാധാന്യമില്ലാത്ത വേഷങ്ങളായിരുന്നു ഫഹദ് ചെയ്തത്. കേന്ദ്ര കഥാപാത്രമായെത്തിയ മാരീസനും ബോക്‌സ് ഓഫീസില്‍ പരാജമേറ്റുവാങ്ങി. പ്രേം കുമാറുമൊത്തുള്ള ചിത്രം വിജയിക്കുമെന്നാണ് പ്രതീക്ഷ.

Content Highlight: Fahadh Faasil playing lead role in Prem Kumar’s new movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം