സഹനടന്റെ സഹനടനായി അഭിനയിക്കേണ്ട അവസ്ഥയായോ? ഫഹദിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പോസ്റ്ററിന് പിന്നാലെ സോഷ്യല്‍ മീഡിയ
Indian Cinema
സഹനടന്റെ സഹനടനായി അഭിനയിക്കേണ്ട അവസ്ഥയായോ? ഫഹദിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പോസ്റ്ററിന് പിന്നാലെ സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Wednesday, 27th May 2026, 4:43 pm

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. ആദ്യചിത്രത്തിലെ അഭിനയത്തിന് വിമര്‍ശനം നേരിട്ട ഫഹദ് പിന്നീട് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളായി മാറി. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സഹനടനുള്ള ദേശീയ അവാര്‍ഡും ഫഹദ് തന്റെ ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്.

ഫഹദ് ഫാസില്‍ Photo: Screen grab/ Anto Joseph Film Company

അന്യഭാഷയിലും പല സൂപ്പര്‍താരങ്ങളുടെ പേഴ്‌സണല്‍ ഫേവറെറ്റായി മാറാന്‍ ഫഹദിന് സാധിച്ചു. ജിത്തു മാധവന്‍ ഒരുക്കിയ ആവേശത്തിലൂടെ ഫഹദിന്റെ സ്റ്റാര്‍ഡവും ഉയര്‍ന്നു. എന്നാല്‍ ആവേശത്തിന് ശേഷം പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരുന്ന പ്രകടനമായിരുന്നില്ല ഫഹദില്‍ നിന്ന് ലഭിച്ചത്. ഫഹദിന് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളല്ല താരത്തിന് പിന്നീട് ലഭിച്ചതെന്ന് പലരും അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസം ഫഹദ് ഭാഗമായ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നതോടെ ഇത്തരം ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. തമിഴ് താരം അഥര്‍വ നായകനാകുന്ന ഇദയം മുരളിയുടെ റിലീസ് ഡേ പോസ്റ്ററില്‍ ഫഹദിന്റെ സാന്നിധ്യമുണ്ടായിരുന്നു. ചിത്രത്തില്‍ ചെറിയ വേഷമാണ് ഫഹദ് കൈകാര്യം ചെയ്യുന്നത്. തമിഴിലെ ജൂനിയര്‍ നടന്മാരിലൊരാളായ അഥര്‍വയുടെ സഹനടനായി അഭിനയിക്കേണ്ട അവസ്ഥയില്‍ ഫഹദ് എത്തിയോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്.

ഇദയം മുരളി Photo: Dawn Pictures/ Facebook

ഫഹദിന്റേതായി ഒരു മലയാള സിനിമ അനൗണ്‍സ് ചെയ്തിട്ട് ഒരുപാട് കാലമായെന്നും അന്യഭാഷയില്‍ ഇങ്ങനെ സഹനടന്‍ വേഷം ചെയ്യുന്നത് എന്തിനാണെന്നും ചോദ്യങ്ങളുണ്ട്. എന്നാല്‍ ചിത്രത്തില്‍ ഫഹദ് അതിഥിവേഷം മാത്രമാണ് ചെയ്യുന്നതെന്നും മറ്റൊരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. എത്ര ചെറിയ വേഷമാണെങ്കിലും ഒട്ടും മടുപ്പിക്കാതെയാണ് ഫഹദ് അതെല്ലാം ചെയ്യുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

നവാഗതനായ ആകാശ് ഭാസ്‌കരനാണ് ഇദയം മുരളിയുടെ സംവിധാനം. നിരവധി സിനിമകള്‍ നിര്‍മിച്ച ആകാശ് ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രത്തിന്റെ ടീസറും പാട്ടുകളുമെല്ലാം പ്രതീക്ഷ നല്‍കുന്നവയായിരുന്നു. പ്രീതി മുകുന്ദനും കയദു ലോഹറുമാണ് ചിത്രത്തിലെ നായികമാര്‍. ജൂലൈ 10ന് ചിത്രം തിയേറ്ററുകളിലെത്തും.

അതേസമയം ഫഹദ് നിലവില്‍ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ്. ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ ഷൂട്ട് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകാത്തതിനാലാണ് മലയാളത്തില്‍ ഫഹദിന്റെ പുതിയ സിനിമകളൊന്നും അനൗണ്‍സ് ചെയ്യാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Fahadh Faasil getting criticisms after the poster of Idhayam Murali movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം