മലയാള സിനിമയില്‍ ചരിത്രവിജയം നേടിയ ഫ്രാഞ്ചൈസിയാണ് ആട്. 2015ല്‍ പുറത്തിറങ്ങിയ ആദ്യഭാഗം പരാജയപ്പെട്ടെങ്കിലും രണ്ടും മൂന്നും ഭാഗം ചരിത്രവിജയമാക്കി കൊണ്ടായിരുന്നു ചിത്രത്തെ മലയാളി പ്രേക്ഷകര്‍ വിജയിപ്പിച്ചത്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ആട് 3 വമ്പന്‍ പ്രേക്ഷക പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ നിന്നും നൂറ് കോടി നേടി വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഫ്രാഞ്ചൈസിയിലെ അവസാന ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഒരു ഔട്ട് ആന്‍ഡ് ഔട്ട് കോമഡി ചിത്രമെന്നതിലുപരി വന്നുപോകുന്ന ഓരോരുത്തര്‍ക്കും പ്രത്യേകം ഫാന്‍ബേസുള്ള ഫിലിം സിരീസാണ് ആട്. ഓരോ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാന്‍ ബേസും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിരുന്നു. ഷാജിപാപ്പനും ഗ്യാങ്ങും, സാത്താന്‍ സേവിയറും, സര്‍ബത്ത് ഷമീറും, പി.പി ശശിയും ഡ്യൂഡും എല്ലാം ഇത്തരം കഥാപാത്രങ്ങളാണ്.
Photo: Arthur Morgan/ Facebook.com
എന്നാല്‍ ചിത്രത്തിന് ഒരു തമിഴ് റീമേക്ക് ഉണ്ടാകുകയാണെങ്കില്‍ ആരൊക്കെയായിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന എ.ഐ നിര്‍മിത പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം വേര്‍ഷനില്‍ ജയസൂര്യയാണ് ടോപ് കാസ്റ്റെങ്കില്‍ തമിഴിലേക്കെത്തുമ്പോള്‍ രജിനിയും കമലും വിജയിയും അടക്കം വമ്പന്‍ താരങ്ങളെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കാസ്റ്റ് ചെയ്തിര്ക്കുന്നത്.
ഇത്രയും സൂപ്പര്‍താരങ്ങളുണ്ടായിട്ടും നടിപ്പിന്‍ നായകന്‍ സൂര്യയെയാണ് ഷാജിപാപ്പനായി കാസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കാണാം. സിങ്കം സ്‌റ്റൈല്‍ മീശയും ചുവപ്പ് മുണ്ടും കറുപ്പ് ജുബ്ബയും താരത്തിന് നന്നായി തന്നെ ചേരുന്നുണ്ട്. കോമഡിയും മാസും ഒരുപോലെ വഴങ്ങുന്ന സൂര്യ തന്നെയാണ് ഈ റോളിന് അനുയോജ്യനെന്ന് പലരും അഭിപ്രായപ്പെടുന്നു. ചിത്രത്തില്‍ വലിയ ഫാന്‍ബേസുള്ള ഇന്ദ്രന്‍സ് അവതരിപ്പിച്ച പി.പി ശശിയുടെ കഥാപാത്രമായി പോസ്റ്റിട്ടയാള്‍ നിര്‍ദേശിച്ചിരിക്കുന്നത് തലൈവന്‍ രജിനികാന്തിനെയാണ്. അതേസമയം തമിഴിലെ മറ്റൊരു സീനിയര്‍ ആക്ടര്‍ കമല്‍ഹാസന് നല്‍കിയിരിക്കുന്നത് ഷാജി പാപ്പന്റെ ചേട്ടനായ തോമസ് പാപ്പന്റെ റോളാണ്.
കൂട്ടത്തില്‍ ഏറ്റവുമധികം സ്വീകാര്യത ലഭിച്ചത് അറക്കല്‍ അബുവിന്റെയും സാത്താന്‍ സേവ്യറിന്റെയും കാസ്റ്റിനാണ്. അറക്കല്‍ അബുവായി ജയം രവി എത്തുമ്പോള്‍ സാത്താന്‍ സേവ്യറായി ചിയാന്‍ വിക്രമാണ് വേഷമിടുന്നത്. മൃഗസ്‌നേഹിയായ മേനക കാന്തനായി നയന്‍താരയും ക്യാപ്റ്റന്‍ ക്ലീറ്റസായി യോഗി ബാബുവും വേഷമിടുമ്പോള്‍ ഷാജി പാപ്പനോളം പ്രാധാന്യമുള്ള കഥാപാത്രമായ ഡ്യൂഡായി വേഷമിടുന്നത് വിശാലാണ്.
തല അജിത്തിനെയാണ് സര്‍ബത്ത് ഷമീറായി അവതരിപ്പിച്ചിട്ടുള്ളത്. അതേസമയം പെര്‍ഫക്ട് കാസ്റ്റായി എല്ലാവരും അഭിപ്രായപ്പെടുന്നത് ലോലനായി ആര്യയെ കൊണ്ടുവന്നതാണ്. അഭിനയം അവസാനിപ്പിച്ചെങ്കിലും ദളപതി വിജയിയെയും പോസ്റ്റില്‍ പരിഗണിച്ചിട്ടുണ്ട്. ഷാജി പാപ്പന്റെ ഡ്രൈവറായ പൊന്നപ്പനായി വിജയിയും പാപ്പനെ ഉപേക്ഷിച്ച് പോയ ഭാര്യ മേരിയായി തൃഷയും പോസറ്റിലുണ്ട്.
Content Highlight: Facebook Post Of Aadu Movie Tamil cast goes viral