പ്രവാസികളും സര്‍ക്കാരും തമ്മിലുള്ള പാലമായി പ്രവാസി ലീഗല്‍ സെല്‍ പ്രവര്‍ത്തിക്കണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
Kerala News
പ്രവാസികളും സര്‍ക്കാരും തമ്മിലുള്ള പാലമായി പ്രവാസി ലീഗല്‍ സെല്‍ പ്രവര്‍ത്തിക്കണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2026, 2:21 pm

 

ആലപ്പുഴ: പ്രവാസികളും മടങ്ങിയെത്തിയ പ്രവാസികളും കേരളത്തിന്റെ സമഗ്ര പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല.

ഹരിപ്പാട് ഡാണാപ്പടി ചോയ്സ് പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവാസി ലീഗല്‍ സെല്‍ (പി.എല്‍.സി) ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ വിദേശത്തും നാട്ടിലും നിരവധി നിയമപരവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും എന്നാല്‍ കൃത്യമായ നിയമാവബോധവും സമയബന്ധിതമായ നിയമസഹായവും ലഭിച്ചാല്‍ ഇതില്‍ പലതും പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ അര്‍ഹരായവരിലേക്ക് എത്തിക്കുന്നതിനും പ്രവാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പ്രവാസി ലീഗല്‍ സെല്‍ ശക്തമായ ഒരു പാലമായി പ്രവര്‍ത്തിക്കണം. പ്രവാസികളുടെ അവകാശസംരക്ഷണം, പുനരധിവാസം, ക്ഷേമം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ പി.എല്‍.സി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ. അജയന്‍ ചെങ്ങന്നൂര്‍ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റും മുന്‍ ജില്ലാ ജഡ്ജിയുമായ ശ്രീ. പി. മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിയമബോധവത്കരണവും സര്‍ക്കാര്‍ സംവിധാനങ്ങളുമായുള്ള ഏകോപനവും കാര്യക്ഷമമായ പരാതിപരിഹാര സംവിധാനവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാസി പെന്‍ഷന്‍ സമയബന്ധിതമായി വിതരണം ചെയ്യുക, ക്ഷേമനിധി അംഗത്വത്തിനുള്ള 60 വയസ്സ് പ്രായപരിധി ഒഴിവാക്കുക, മടങ്ങിയെത്തിയവരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, അനധികൃത വിദേശ റിക്രൂട്ട്‌മെന്റിനെതിരായ ടാസ്‌ക് ഫോഴ്‌സ് ശക്തിപ്പെടുത്തുക, നിര്‍ദേശിക്കപ്പെട്ട എന്‍.ആര്‍.ഐ പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ എസ്.ഒ.പി ഉടന്‍ പുറപ്പെടുവിക്കുക എന്നീ ആവശ്യങ്ങള്‍ പി.എല്‍.സി കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍ ഉന്നയിച്ചു.

വിദേശത്തുള്ള ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് ഫീസ് വര്‍ധനവിനെതിരെ പി.എല്‍.സി നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍, സമയബന്ധിതമായി തീരുമാനമെടുക്കാന്‍ ദല്‍ഹി ഹൈക്കോടതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയ കാര്യവും അദ്ദേഹം വിശദീകരിച്ചു.

അനധികൃത വിദേശ റിക്രൂട്ട്‌മെന്റിനെയും വിദേശവിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളെയും നിയന്ത്രിക്കാനുള്ള കരടുനിയമം അടിയന്തരമായി പൂര്‍ത്തിയാക്കി നിയമസഭയില്‍ അവതരിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

നിര്‍ബന്ധിത രജിസ്‌ട്രേഷന്‍, ഫീസ് നിയന്ത്രണം, തട്ടിപ്പുകാരുടെ സ്വത്ത് അറ്റാച്ച് ചെയ്ത് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍ എന്നിവ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആശാ രാമചന്ദ്രന്‍, പി.എല്‍.സി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ബെന്നി പെരിക്കിലത്ത്, സൗദി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ ശ്രീ. നസ്രുദീന്‍ വി.ജെ, സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ. ഷറഫുദ്ദീന്‍ ചോയ്സ് പ്ലാസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് അഡ്വ. ആര്‍. മുരളീധരന്റെ മോഡറേഷനില്‍ നടന്ന പ്രവാസി സംവാദത്തില്‍ ശ്രീ. വര്‍ഗീസ് ജോസഫ്, ശ്രീ. തുളസീദാസ്, ശ്രീ. ബെന്നി പെരിക്കിലത്ത്, ശ്രീ. മോഹനകുമാര്‍ ആയാപറമ്പ് എന്നിവര്‍ പങ്കെടുത്തു. പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, നിയമസഹായം, റിക്രൂട്ട്‌മെന്റ് തട്ടിപ്പ്, പുനരധിവാസം എന്നീ വിഷയങ്ങള്‍ സംവാദത്തില്‍ ചര്‍ച്ച നടന്നു.

ചടങ്ങില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും മുതിര്‍ന്ന മുന്‍പ്രവാസികള്‍ക്ക് പൊന്നാടയണിയിച്ച് ആദരവും നല്‍കി. ജില്ലാ സെക്രട്ടറി ശ്രീ. കുഞ്ഞുമോന്‍ പദ്മാലയം സ്വാഗതവും ട്രഷറര്‍ ശ്രീ. സുരേന്ദ്രന്‍ കരുവാറ്റ നന്ദിയും പറഞ്ഞു. ബ്ലോക്ക്-നിയോജകമണ്ഡലം തലങ്ങളില്‍ സജീവമായ നിയമസഹായ സംവിധാനമായി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

 

Content highlight: Expatriate Legal Committee – Alappuzha District Conference