കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ അഭിനേത്രിയാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തി പിന്നീട് യുവ നടിയായി വളര്‍ന്ന താരം, ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയെടുത്തത്. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ ആണ് താരത്തിന്റെ ആദ്യ ചിത്രം. ദൃശ്യത്തിന്റെ റീമേക്കായി തമിഴില്‍ പുറത്തിറങ്ങിയ പാപാനാശത്തിലും താരം തന്നെയായിരുന്നു അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

എസ്തര്‍ അനില്‍. Photo X.com

ഈ വര്‍ഷം മെയില്‍ പുറത്തിറങ്ങിയ ദൃശ്യം 3 യിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ദൃശ്യം 3യ്ക്ക് ലഭിച്ചതെങ്കിലും ആഗോളതലത്തില്‍ 235 കോടിയിലധികമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സോഷ്യല്‍ മീഡിയയിലും മറ്റും താന്‍ പ്രതികരിക്കുന്നതിനെ കുറിച്ച് എസ്തര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

‘ചില കാര്യങ്ങള്‍ കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ല. അത്തരം സന്ദര്‍ഭങ്ങളിലാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടാറുള്ളത്. ചെറുതും വലുതുമായ വിഷയങ്ങള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യാറുണ്ട്. അത് മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ മനസിലാക്കാന്‍ സഹായിക്കും. മതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഞാന്‍ മാറിനില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. അതിന് എന്റേതായ വ്യക്തിപരമായ കാരണങ്ങളുണ്ട്. രാഷ്ട്രീയത്തില്‍ ചില പ്പോള്‍ നിലപാടുകള്‍ എടുക്കാറുണ്ട്. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ അത് വളരെ ആലോചിച്ചാണ് ചെയ്യുന്നത്,’ എസ്തര്‍ പറയുന്നു.

സൈബര്‍ ബുള്ളിയിങ്ങിനെയും അതിനെ നേരിടുന്ന രീതിയെ കുറിച്ചും എസ്തര്‍ അഭിമുഖത്തില്‍ സംസാരിച്ചു.

എസ്തര്‍ അനില്‍. Photo: Esther Anil/ Facebook.com

‘വലിയ ഫോളോവേഴ്‌സും പ്രശസ്തിയും പണവും തരുന്ന സോഷ്യല്‍ മീഡിയയുടെ കൂടെത്തന്നെ വരുന്ന കാര്യങ്ങളാണ് ജഡ്ജ്മെന്റ്‌സും ബുള്ളിയിങ്ങും. പോസിറ്റീവുകളെപ്പോലെ നെഗറ്റീവുകളെയും സ്വീകരിക്കാന്‍ തയ്യാറായിരിക്കണം. അതെല്ലാവര്‍ക്കും കഴിയണമെന്നില്ല. ഭാഗ്യവശാല്‍ എനി ക്ക് നല്ല പിന്തുണയുള്ള കൂട്ടുകാരും കുടുംബവുമാണുള്ളത്. സിനിമയ്ക്കും സോഷ്യല്‍ മീഡിയയ്ക്കും പുറത്ത് എനിക്കൊരു ലോകമുണ്ട്. അതുതന്നെയാണ് എന്റെ ബലം,’ എസ്തര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Esther Anil talks about Her social media interactions