എഫ്.എ കപ്പില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ചെല്‍സിക്കായി ഒരു തകര്‍പ്പന്‍ ഫ്രീകിക്ക് ഗോള്‍ അര്‍ജന്റീനന്‍ താരം എന്‍സോ ഫെര്‍ണാണ്ടസ് നേടിയിരുന്നു. മത്സരത്തിന്റെ 54ാം മിനിട്ടില്‍ ആയിരുന്നു എന്‍സോയുടെ സൂപ്പര്‍ ഫ്രീകിക്ക് പിറന്നത്. ഗോള്‍ നേടിയതിനുശേഷമുള്ള താരത്തിന്റെ സെലിബ്രേഷന്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഗോള്‍ നേടിയതിന് ശേഷം അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ സെലിബ്രേഷന്‍ അനുകരിക്കുകയായിരുന്നു എന്‍സോ. തന്റെ ജേഴ്‌സി ഊരി കൊണ്ട് മെസിയുടെ ഐക്കോണിക്ക് ഗോള്‍ സെലിബ്രേഷന്‍ നടത്തുകയായിരുന്നു അര്‍ജന്റീനന്‍ താരം. ചെല്‍സിക്കായി 29 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ എന്‍സോ ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.

ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ 11ാം മിനിട്ടില്‍ കോനര്‍ ഗല്ലഗര്‍ ആണ് ചെൽസിയുടെ ഗോളടി മേളത്തിന് തുടക്കം കുറിച്ചത്. 23ാം മിനിട്ടില്‍ നിക്കോളാസ് ജാക്‌സണ്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ രണ്ട് ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു ചെല്‍സി.

രണ്ടാം പകുതിയില്‍ 54ാം മിനിട്ടില്‍ എന്‍സോ മൂന്നാം ഗോളും നേടി. ഇഞ്ചുറി ടൈമില്‍ മൂസ ഡയബിയിലൂടെയാണ് ആസ്റ്റണ്‍ വില്ലയുടെ ഏകഗോള്‍ പിറന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം. ക്രിസ്റ്റല്‍ പാലസിന്റെ തട്ടകമായ സെല്‍ഹാര്‍സ്റ്റ് പാര്‍ക്ക് സ്റ്റേഡിയമാണ് വേദി.

Content Highlight: Enzo Fernandez imitate Lionel Messi goal celebration.