ഊർജ പ്രതിസന്ധി; അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായി ചർച്ചനടത്തി എസ്.ജയശങ്കർ
World
ഊർജ പ്രതിസന്ധി; അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായി ചർച്ചനടത്തി എസ്.ജയശങ്കർ
മുഹമ്മദ് നബീല്‍
Tuesday, 24th March 2026, 8:06 am

ന്യൂദൽഹി: ഇറാൻ ഊർജ നിലയങ്ങളെ അമേരിക്ക അഞ്ചുദിവസത്തേക്ക് ആക്രമിക്കില്ല എന്ന തീരുമാനത്തിന് പിറകെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ചനടത്തി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ.

ഫെബ്രുവരി 28 ന് പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായി ജയശങ്കർ നടത്തുന്ന ആദ്യ ടെലിഫോൺ സംഭാഷണമാണിത്.

‘യു .എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഇന്ന് വൈകുന്നേരം വിശദമായ ടെലിഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചും അത് അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമായിരുന്നു ഞങ്ങളുടെ ചർച്ചകൾ. ഊർജ സുരക്ഷയെ സംബന്ധിച്ച ആശങ്കകളെ കുറിച്ചും ഞങ്ങൾ പങ്കുവച്ചു,’ യു .എസ് സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള സംഭാഷണത്തിന് ശേഷം ഇന്നലെ (തിങ്കൾ) ജയശങ്കർ എക്‌സിൽ കുറിച്ചു.

ഇന്നലെ (തിങ്കൾ) ജർമനിയുടെയും ശ്രീലങ്കയുടെയും വിദേശകാര്യ മന്ത്രിമാരുമായും ജയശങ്കർ ചർച്ച നടത്തിയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രലായ വക്താവ് രൺധീർ ജയ്‌സ്വാളിനോട് ചോദിച്ചപ്പോൾ അമേരിക്കയുടെ പ്രതികരണങ്ങൾ കൃത്യമായി പിന്തുടരുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ച് ലോക നേതാക്കളുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മേഖലയിലെ സ്ഥിരതയെ തകർക്കുകയും ആഗോള എണ്ണ വിതരണ ശൃംഖലയെ തടസപ്പെടുത്തുകയും ചെയ്യുന്ന നിർണായക സംവിധാനങ്ങൾക് നേരെയുള്ള ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു.

കപ്പൽ ഗതാഗതം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഇറാൻ നൽകുന്ന തുടർ പിന്തുണയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Content Highlight: Energy crisis; S. Jaishankar holds talks with US Secretary of State

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം