ബോളിവുഡില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് ഇമ്രാന്‍ ഹാഷ്മി. ബോളിവുഡും കടന്ന് ആരാധകരെ സൃഷ്ടിച്ച അദ്ദേഹത്തിന് കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോക്‌സ് ഓഫീസില്‍ അത്ര നല്ല സമയമല്ല.   സമീപ കാലത്തൊന്നുംബോക്‌സ് ഓഫീസില്‍ നല്ലൊരു ഹിറ്റ് ഇമ്രാന്‍ ഹാഷ്മിക്ക് സമ്മാനിക്കാന്‍ സാധിച്ചിട്ടില്ല.

സുപര്‍ണ  വര്‍മയുടെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഹഖ് എന്ന ചിത്രവും പരാജയപ്പെട്ടു. 2011ല്‍ പുറത്തിറങ്ങിയ ദി ഡേര്‍ട്ടി പിക്ചറാണ് ഇമ്രാന്‍ ഹാഷ്മിയുടെ അവസാന ഹിറ്റ്.

എന്നാല്‍ താരത്തോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. കേരളത്തിലും ഇമ്രാന് വലിയ ഫാന്‍ബേസ് ഉണ്ട്. ഇപ്പോള്‍ ഫിലിം ഫെയറുമായുള്ള അഭിമുഖത്തില്‍ എല്ലാ തൊഴിലിലും ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാകുമെന്ന് ഇമ്രാന്‍ ഹാഷ്മി പറയുന്നു.

‘ കരിയറില്‍ എത്ര ഉയര്‍ച്ച താഴ്ച്കളുണ്ടായാലും, അതില്‍ ഒരു ബാലന്‍സ് നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ എപ്പോഴും പഠിച്ചിട്ടുണ്ട്. നിങ്ങളുടെ കരിയറില്‍ കാര്യങ്ങള്‍ വളരെ നന്നായി പോകുമ്പോഴും, ചില അടിസ്ഥാനകാര്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ട് നിങ്ങള്‍ മുന്നോട്ട് പോകേണ്ടതുണ്ട്.
കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തേണ്ടതുണ്ട്.

പ്രൊഫഷണല്‍ ടൈമും അതും വിഭജിക്കേണ്ടത് പ്രധാനമാണ്. കാരണം ബന്ധങ്ങള്‍ എളുപ്പത്തില്‍ തകരും. അതുകൊണ്ട് തുടക്കം മുതല്‍ തന്നെ, ജോലി കാരണം എന്റെ ബന്ധങ്ങള്‍ തകരില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. വിജയ പരാജയങ്ങളെ ഒരുപാട് ഗൗരവത്തില്‍ എടുക്കരുത്,’ ഇമ്രാന്‍ ഹാഷ്മി പറയുന്നു.

പുറമെ നിന്ന് നോക്കുമ്പോള്‍ സിനിമ ഒരു എളുപ്പമുള്ള മേഖലയായി തോന്നാമെന്നും എന്നാല്‍ അത് അങ്ങനെയല്ലെന്നും ഇമ്രാന്‍ പറയുന്നു. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണ് സിനിമയെന്നും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാകുകയാണെങ്കില്‍ സിനിമയില്‍ നിങ്ങള്‍ക്ക് വിജയമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നോ രണ്ടോ സിനിമകളില്‍ നിങ്ങള്‍ക്ക് വിജയമുണ്ടായേക്കാം എന്നാല്‍ അത് എപ്പോഴും നിലനില്‍ക്കില്ലെന്നും എല്ലാ താത്കാലികമാണെന്നും ഇമ്രാന്‍ ഹാഷ്മി പറഞ്ഞു.

ഇമ്രാന്‍ ഹാഷ്മിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ‘ഹഖ് എന്ന ചിത്രത്തില്‍ യാമി ഗൗതമാണ് പ്രധാനവേഷത്തിലെത്തിയത്. ജംഗ്ലി പിക്ചേഴ്സ്, ഇന്‍സോമ്നിയ ഫിലിംസ്, ബവേജ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ വിനീത് ജെയിന്‍, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 2025 നവംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ബോകസ് ഓഫീസില്‍ നിന്ന് വെറും 30 കോടിയാണ് സ്വന്തമാക്കിയത്.

Content Highlight: Emraan Hashmi says it’s natural to have highs and lows in a career