ലോകകപ്പ് ഇനി ആകാശത്ത് കാണാം; ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം
FIFA World Cup 2026
ലോകകപ്പ് ഇനി ആകാശത്ത് കാണാം; ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം
സുദേവ് എ
Sunday, 14th June 2026, 6:52 pm

2026 ഫിഫ ലോകകപ്പ് ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കാല്‍പന്ത് പ്രേമികള്‍ ഒറ്റ പന്തിലേക്ക് ചുരുങ്ങി ഓരോ നിമിഷവും ആവേശമാക്കുകയാണ്.

ഇപ്പോള്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കിടയിലും ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശം പകരുന്നതിനായി ലൈവ് സ്ട്രീമിങ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ്.

ഇനിമുതല്‍ വിമാനത്തില്‍ യാത്ര ചെയ്തുകൊണ്ടും ലോകകപ്പ് കാണാന്‍ സാധിക്കും. വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് മുതല്‍ ലാന്‍ഡ് ചെയ്യുന്നത് വരെ യാത്രക്കാര്‍ക്ക് മത്സരങ്ങള്‍ ലൈവായി കാണാന്‍ സാധിക്കുമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചത്.

‘സ്‌പോര്‍ട്‌സ് 24’ എന്ന ചാനലിലൂടെയാണ് യാത്രക്കാര്‍ക്ക് ലോകകപ്പ് കാണാന്‍ സാധിക്കുക. ജൂലൈ 19ന് നടക്കുന്ന ഫൈനല്‍ അടക്കമുള്ള എല്ലാ ലോകകപ്പ് മത്സരങ്ങളും യാത്രക്കാര്‍ക്ക് ലൈവായി കാണാന്‍ സാധിക്കും. 40,000 അടി ഉയരത്തില്‍ നിന്നുകൊണ്ടുപോലും ലോക ഫുട്‌ബോള്‍ മാമാങ്കത്തിലെ ആവേശ നിമിഷങ്ങള്‍ ആരാധകര്‍ക്ക് നേരിട്ട് കാണാം.

സൗദി അറേബ്യയുടെ സൗദിയ, ഖത്തറിന്റെ ഖത്തര്‍ എയര്‍ലൈന്‍സ്, സിംഗപ്പൂരിന്റെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ വിമാന കമ്പനികളാണ് വിമാനത്തില്‍ കളി കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വിമാനത്തില്‍ യാത്രചെയ്യുന്ന ആളുകളുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്ലറ്റ് എന്നിവയിലും സൗദിയ ലൈവ് സ്ട്രീമിങ് നല്‍കുന്നുണ്ട്.

അതേസമയം ഫുട്‌ബോള്‍ ലോകകപ്പ് മാത്രമല്ല സമ്മറില്‍ നടക്കുന്ന എന്‍.ബി.എ ഫൈനല്‍സ് ബാസ്‌കറ്റ് ബോള്‍, കാനഡ സെയില്‍ ഗ്രാന്‍ഡ് പീ, ഫോര്‍മുല വണ്‍ ഹംഗേറിയന്‍ ഗ്രാന്‍ഡ് പീ, ഫോര്‍മുല വണ്‍ ബെല്‍ജിയം ഗ്രാന്‍ഡ് പീ എന്നിവയും യാത്രക്കാര്‍ക്ക് വേണ്ടി തല്‍സമയം സംപ്രേഷണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Content Highlight: Emirates announces live streaming of World Cup for passengers on flight

 

 

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.