ന്യൂദല്‍ഹി: ഗതാഗത നിയമലംഘനങ്ങളില്‍ ട്രാഫിക് പിഴകള്‍ കര്‍ശനമായി ഈടാക്കണമെന്ന് സുപ്രീം കോടതി. ഇ-ചലാന്‍ അടച്ചില്ലെങ്കില്‍ വൈദ്യുതി ബില്ലുകളുമായി ചേര്‍ത്ത് പിഴ ഈടാക്കാനുള്ള കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
‘ ആളുകള്‍ ട്രാഫിക്ക് പിഴ അടക്കുന്നില്ലെങ്കില്‍ അതവരുടെ വൈദ്യൂതി ബില്ലിലേക്ക് ചേര്‍ക്കാം. വൈദ്യൂതി വിഛേദിക്കുമെന്ന ഭയം കാരണം അളുകള്‍ ബില്ലടക്കാന്‍ നിര്‍ബന്ധിതരാവും. യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി രാജ്യത്ത് നിലനില്‍ക്കുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പുതിയ വഴികള്‍ കണ്ടെത്തണം,’ സുപ്രീം കോടതി നിര്‍ദേശിച്ചു.
എന്നാല്‍ ഇത് കോടതിയുടെ നിര്‍ദേശം മാത്രമാണെന്നും നടപ്പാക്കാനുള്ള ഉത്തരവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ജെ.ബി പര്‍ദിവാല അടങ്ങിയ ബെഞ്ചാണ് സുപ്രധാന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 45000കോടി രൂപയുടെ ഇ-ചലാന്‍ കുടിശ്ശികയുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കണക്ക്. ഇതില്‍ 25000 കോടി രൂപ മാത്രമാണ് ഇതുവരെ ഈടാക്കാന്‍ കഴിഞ്ഞതെന്നും പിഴ ഈടാക്കലാണ് യഥാര്‍ത്ഥ വെല്ലുവിളിയെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പിഴ അടക്കാത്ത വാഹനങ്ങളുടെ ആര്‍.സി. പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ആര്‍.സി. നല്‍കല്‍, ഉടമസ്ഥാവകാശ മാറ്റം തുടങ്ങിയവ തടയാനും, ചലാന്‍ തുക പൂര്‍ണമായി അടച്ചുതീര്‍ക്കാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ പി.യു.സി. സര്‍ട്ടിഫിക്കറ്റോ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. ചലാനുമായി ബന്ധിപ്പിച്ചിട്ടുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കി നല്‍കാതിരിക്കുകയോ താല്‍ക്കാലികമായി റദ്ദാക്കുകയോ ചെയ്യാമെന്നും കോടതി പറഞ്ഞു.
Content Highlight: Electricity supply could be cut off for non-payment of traffic fines: Supreme Court issues stern directive.
