തന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഷൂട്ടിങ് കാണാന്‍ വന്നവര്‍ അന്ന് തന്നെ വെറുതെ കളിയാക്കുമായിരുന്നുവെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

‘സെക്കന്റ് ഷോ ഷൂട്ടിങ് സമയത്ത് ഷൂട്ടിങ് കാണാന്‍ വന്നവര്‍ വെറുതെ കളിയാക്കുകയും വഴക്കു പറയുകയും ഒക്കെ ചെയ്യുമായിരുന്നു. മമ്മൂട്ടിയുടെ മകനാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത് എന്നൊക്കെ പറഞ്ഞ് വെറുതെ കളിയാക്കും. അതൊക്കെ രസമായിരുന്നു. നിന്നെ കൊണ്ടൊന്നും പറ്റില്ല എന്നൊക്കെ ചിലര്‍ പറഞ്ഞിട്ടുണ്ട്’, ദുല്‍ഖര്‍ പറയുന്നു.

താന്‍ ഷൂട്ടിങ് കാണാന്‍ വന്ന ക്രൗഡിനെ കണ്ട് പേടിക്കുന്നത് കണ്ട ശ്രീനാഥ്(സെക്കന്റ് ഷോ സംവിധായകന്‍) ഒരു രംഗം 30-40 ടേക്കുകള്‍ എടുത്തുവെന്നും ദുല്‍ഖര്‍ ഓര്‍മിച്ചെടുക്കുന്നു.

‘എന്നെ കൊണ്ട് അഭിനയിക്കാന്‍ പറ്റില്ല എന്നൊക്കെ തോന്നിയ സമയം ആയിരുന്നു അത്. ഞാന്‍ ക്രൗഡിനെ ഓര്‍ത്ത് പേടിക്കുന്നത് കണ്ടപ്പോള്‍ ശ്രീനാഥ് 30-40 ഓളം ടേക്കുകള്‍ ആ രംഗത്തിന് വേണ്ടി എടുത്തു. അതിന് ശേഷം ഞാന്‍ തകര്‍ന്നു നില്‍ക്കുമ്പോഴാണ് ശ്രീനാഥ് എന്റെ പേടി മാറ്റാനാണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞത്,’ ദുല്‍ഖര്‍ പറയുന്നു.

ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി പുറത്തുവരാന്‍ ഇരിക്കുന്ന ചിത്രം. ചിത്രത്തിലെ കലാപകാര എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വമ്പന്‍ ഹിറ്റായിരുന്നു ഗാനം.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് കിംഗ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. ഓണത്തിനാണ്‌സി സിനിമയുടെ റിലീസ്.

നിമീഷ് രവിയാണ് കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖര്‍, സ്‌ക്രിപ്റ്റ് :അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ്, മേക്കപ്പ് : റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍; ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

Content Highlight: Dulquer salman shares his experience during the shooting of second show movie