കൊത്ത വീണപ്പോള്‍ ആളുകള്‍ക്ക് വലിയ സന്തോഷം കിട്ടിയ പോലെയായിരുന്നു; ക്ഷീണം ഐ ആം ഗെയ്മില്‍ തീര്‍ക്കാമെന്ന് ദുല്‍ഖര്‍ ആരാധകര്‍
Malayalam Cinema
കൊത്ത വീണപ്പോള്‍ ആളുകള്‍ക്ക് വലിയ സന്തോഷം കിട്ടിയ പോലെയായിരുന്നു; ക്ഷീണം ഐ ആം ഗെയ്മില്‍ തീര്‍ക്കാമെന്ന് ദുല്‍ഖര്‍ ആരാധകര്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 11th June 2026, 7:26 pm

ഏറെ പ്രതീക്ഷയോടെ വന്‍ ഹൈപ്പില്‍ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെതായി 2023ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കിങ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രത്തിനുമേല്‍ വലിയ പ്രതീക്ഷകളായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നതെങ്കിലും ചിത്രം തിയേറ്ററില്‍ വലിയ പരാജയമായി മാറുകയായിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം ചിത്രം വലിയ രീതിയില്‍ ട്രോളുകള്‍ക്ക് ഇരയാകുകയും ചെയ്തിരുന്നു.

ദുല്‍ഖര്‍ അവസാനമായി നായകനായ മലയാള ചിത്രവും കിങ് ഓഫ് കൊത്തയായിരുന്നു. ചിത്രത്തിന് ശേഷം തെലുങ്കിലും മറ്റ് ഭാഷകളിലും സജീവമായ താരം വീണ്ടും തന്റെ ഹോം ടെറിട്ടറി തിരിച്ചുപിടിക്കാനായി ഒരുക്കുന്ന ചിത്രമാണ് നിഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം. ഇതിനോടകം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം ഓഗസ്റ്റ് 20ന് ഓണം റിലീസായി തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

കിങ് ഓഫ് കൊത്ത. Photo: The News Minute

കിങ് ഓഫ് കൊത്തയ്‌ക്കേറ്റ പരാജയത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും മലയാളത്തിലേക്കെത്തുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. കൊത്ത പരാജയപ്പെട്ടപ്പോഴുണ്ടായ എല്ലാ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഐ ആം ഗെയിമിലൂടെ മറുപടി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. സംഗീത സംവിധായകന്‍ ജേക്ക്‌സ് ബിജോയ് നല്‍കിയ ഒരു പഴയ അഭിമുഖത്തിലെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ തയ്യാറാക്കിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

കരിയറില്‍ പരാജയ ചിത്രങ്ങള്‍ വരുമ്പോള്‍ അതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയാണ് താന്‍ ചെയ്യാറുള്ളതെന്നും എന്നാല്‍ കിങ് ഓഫ് കൊത്ത വിചാരിച്ച രീതിയില്‍ എത്താതെ വന്നപ്പോള്‍ ഉണ്ടായ വെറുപ്പാണ് തന്നെ ഞെട്ടിച്ചതെന്നും ജേക്ക്‌സ് പറയുന്നു. കൊത്ത എന്ന ചിത്രം വീണപ്പോള്‍ ആളുകള്‍ക്ക് സന്തോഷം കിട്ടിയ പോലെയായിരുന്നുവെന്നും മലയാളത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ റീച്ചിലേക്കൊരു പടം എത്തിക്കാന്‍ നോക്കി പരാജയപ്പെടുമ്പോള്‍ അങ്ങനെയല്ല പ്രതികരിക്കേണ്ടിയിരുന്നതെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ഐ ആം ഗെയിം. Photo: District

ഇതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനായി മലയാളത്തില്‍ പുറത്തിറങ്ങുന്ന ചിത്രം വലിയ വിജയമായി വിമര്‍ശകരുടെ വായടപ്പിക്കുമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ ഖലീഫയും നിവിന്‍പോളിയുടെ ബത്‌ലഹേം കുടുംബ യൂണിറ്റും കടുത്ത മത്സരവുമായി രംഗത്തുണ്ടെങ്കിലും ഓണം തൂക്കാനുള്ള തയ്യാറെടുപ്പിലാണ് ഐ ആം ഗെയിം. ചിത്രവുമായി ബന്ധപ്പെട്ട് യാതൊരു അപ്‌ഡേറ്റുകളും പുറത്തുവിടാത്തതിനാല്‍ തന്നെ ചിത്രത്തെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Content Highlight: Dulquer salman fans eagerly wait for I’m game move as his last movie as hero was flop

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.