ദൃശ്യം 3 യിൽ സഹദേവൻ ഉണ്ടാകുമോ എന്നറിയില്ല പക്ഷെ വരുൺ പ്രഭാകർ ഉണ്ടാകും; വൈറലായി എസ്തർ- അൻസിബ ഇന്റർവ്യൂ
Malayalam Cinema
ദൃശ്യം 3 യിൽ സഹദേവൻ ഉണ്ടാകുമോ എന്നറിയില്ല പക്ഷെ വരുൺ പ്രഭാകർ ഉണ്ടാകും; വൈറലായി എസ്തർ- അൻസിബ ഇന്റർവ്യൂ
നന്ദന എം.സി
Wednesday, 13th May 2026, 11:43 am

മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങൾ മലയാള സിനിമയുടെ ചരിത്രത്തിൽ വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ഓരോ ചെറിയ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്.

ജോർജ്‌കുട്ടിയും കുടുംബവും ഇനി എന്ത് പ്രതിസന്ധികളെയാണ് നേരിടുക എന്നറിയാനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ആദ്യഭാഗത്തിൽ ഗീത പ്രഭാകറിന്റെയും സഹദേവന്റെയും കൈയിൽ നിന്ന് രക്ഷപ്പെട്ട ജോർജ്‌കുട്ടി, രണ്ടാം ഭാഗത്തിൽ കൂടുതൽ സങ്കീർണമായ സാഹചര്യങ്ങളിലേക്കാണ് കടന്നത്.

ദൃശ്യം3, Photo: YouTube/ Screengrab

അതേസമയം, ആദ്യഭാഗത്തിൽ കൊല്ലപ്പെട്ട വരുൺ പ്രഭാകർ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിൽ ശക്തമായി നിലനിൽക്കുന്നുണ്ട്.

റോഷൻ ബഷീർ അവതരിപ്പിച്ച വരുൺ പ്രഭാകറും കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവനും ആദ്യഭാഗത്തിന് ശേഷം കഥയിൽ നിന്ന് അപ്രത്യക്ഷരായിരുന്നു.

അതുകൊണ്ടുതന്നെ മൂന്നാം ഭാഗത്തിൽ ഈ കഥാപാത്രങ്ങൾ വീണ്ടും എത്തുമോയെന്ന ചർച്ചകൾ ഏറെ നാളായി സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോഴിതാ ഈ ചർച്ചകൾക്ക് കൂടുതൽ ശക്തി നൽകുകയാണ് ചിത്രത്തിൽ ജോർജ്‌കുട്ടിയുടെ മക്കളായി എത്തിയ എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവർ നൽകിയ അഭിമുഖം. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരങ്ങളുടെ പ്രതികരണം.

‘ജീത്തു ജോസഫ് പറഞ്ഞത് പോലെ ദൃശ്യം 3യിൽ ഒരുപക്ഷേ സഹദേവൻ ഉണ്ടാകുമോ?’ എന്ന അവതാരകന്റെ ചോദ്യത്തിന് ‘അറിയില്ല’ എന്നായിരുന്നു ഇരുവരുടെയും മറുപടി.

ദൃശ്യം2, Photo: IMDb

എന്നാൽ ‘വരുൺ പ്രഭാകർ വീണ്ടും വരുമോ?’ എന്ന ചോദ്യത്തിന് എസ്തർ നൽകിയ ‘യെസ്’ എന്ന മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

തുടർന്ന് അൻസിബയും രസകരമായ മറുപടി നൽകി. ‘ദൃശ്യം ഒരു ഫാന്റസി മൂവി അല്ല. അതിൽ തന്നെയുണ്ടല്ലോ വരുൺ ഈ ചിത്രത്തിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന്റെ ഉത്തരം,’ എന്നാണ് താരം പറഞ്ഞത്. ഈ മറുപടികൾ ആരാധകരെ കൂടുതൽ കൗതുകത്തിലാക്കിയിരിക്കുകയാണ്.

ഇന്റർവ്യൂ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി തിയറികളാണ് പ്രചരിക്കുന്നത്. സഹദേവൻ വീണ്ടും കേസ് അന്വേഷണത്തിലേക്ക് എത്തുമോ, വരുൺ പ്രഭാകറുടെ കേസിൽ പുതിയ തെളിവുകൾ പുറത്തുവരുമോ, വീണ്ടും ജോർജ്‌കുട്ടി കുടുങ്ങുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഇപ്പോൾ സിനിമാപ്രേമികൾ ഉയർത്തുന്നത്.

എന്തായാലും ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ഓരോ സൂചനയും ആരാധകരുടെ ആവേശം ഇരട്ടിയാക്കുകയാണ്.

ദൃശ്യം3, Photo: IMDb

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ നിരൂപക പ്രശംസയും വൻ ബോക്സ് ഓഫീസ് വിജയവും ഒരുപോലെ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ വിജയമായി മാറി.

ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നു. മെയ് 21 മോഹൻലാലിൻറെ ജന്മദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുക

Content Highlight: Drishyam team’s interview goes viral

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.