ഇത് മോഹന്‍ലാല്‍വുഡ് തന്നെയാ... ഇത്തവണയും അതിന് മാറ്റമൊന്നുമില്ല, പ്രീ സെയിലില്‍ ചരിത്രമെഴുതി ദൃശ്യം 3
Malayalam Cinema
ഇത് മോഹന്‍ലാല്‍വുഡ് തന്നെയാ... ഇത്തവണയും അതിന് മാറ്റമൊന്നുമില്ല, പ്രീ സെയിലില്‍ ചരിത്രമെഴുതി ദൃശ്യം 3
അമര്‍നാഥ് എം.
Thursday, 14th May 2026, 11:34 pm

മലയാളത്തിലെ ഏറ്റവും വലിയ താരവും നടനും താന്‍ തന്നെയാണെന്ന് പലകുറി തെളിയിച്ച താരമാണ് മോഹന്‍ലാല്‍. മോളിവുഡില്‍ പുതിയ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതും അത് തകര്‍ക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ബോക്‌സ് ഓഫീസിന്റെ രാജാവെന്നാണ് പലരും മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്.

ഇടക്ക് ചെറിയ പാളിച്ചകളുണ്ടായെങ്കിലും പഴയതിനെക്കാള്‍ ശക്തിയോടെ കഴിഞ്ഞവര്‍ഷ താരം തിരിച്ചുവന്നിരുന്നു. തുടര്‍ച്ചയായി രണ്ട് 200 കോടി ചിത്രങ്ങളോടു കൂടിയാണ് മോഹന്‍ലാല്‍ തന്റെ സിംഹാസനം തിരിച്ചുപിടിച്ചത്. ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും തന്റെ സ്റ്റാര്‍ഡം വലുതാക്കുകയാണ് അദ്ദേഹം. ഇനി പുറത്തിറങ്ങാനുള്ള ദൃശ്യം 3യും റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്.

റിലീസിന് ഏഴ് ദിവസം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ പ്രീ സെയില്‍ 10 കോടി പിന്നിട്ടു. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ മലയാളചിത്രമാണ് ദൃശ്യം 3. അഞ്ചിലും മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഒടിയനാണ് ഈ നേട്ടത്തിലെത്തിയെ ആദ്യ ചിത്രം. 18 കോടിയോളമായിരുന്നു ഹര്‍ത്താല്‍ ദിനത്തിലും ചിത്രം നേടിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രം സ്വന്തമാക്കിയത്.

റിലീസിന് മുന്നേ മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി സ്‌കൈ ലെവല്‍ ഹൈപ്പിലെത്തിയ മരക്കാറും ആദ്യദിനം ഡബിള്‍ ഡിജിറ്റ് തൊട്ടു. 20 കോടിയായിരുന്നു ചിത്രം നേടിയത്. മോളിവുഡിന്റെ അഭിമാന ചിത്രമായിരുന്ന എമ്പുരാന്‍ ആദ്യദിന കളക്ഷനില്‍ റെക്കോഡിട്ടിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 10 കോടിയിലേറെ നേടിയ ചിത്രം ചരിത്രമെഴുതി.

മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തിയ പേട്രിയറ്റും റിലീസിന് മുമ്പ് 10 കോടിയിലേറെ നേടിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം 29.3 കോടിയാണ് സ്വന്തമാക്കിയത്. റിലീസിന് മുമ്പുണ്ടായിരുന്ന ഹൈപ്പ് നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിക്കാതെ പോവുകയും ചെയ്തു. 100 കോടി പോലും നേടാനാകാതെ കളം വിടാനൊരുങ്ങുകയാണ് പേട്രിയറ്റ്.

ഇപ്പോഴിതാ ദൃശ്യം 3യും പ്രീ റിലീസില്‍ ചരിത്രമെഴുതാന്‍ പോവുകയാണ്. ഇനിയും എല്ലായിടത്തും ബുക്കിങ് ആരംഭിക്കാതെയാണ് ഈ നേട്ടം. കംപ്ലീറ്റ് ബുക്കിങ് ആരംഭിച്ചാല്‍ ബോക്‌സ് ഓഫീസിലെ റെക്കോഡുകള്‍ ഒന്നുവിടാതെ സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. കേരളത്തില്‍ നിന്ന് മാത്രം 10 കോടിയോളം ചിത്രം നേടുമെന്നാണ് കരുതുന്നത്.

Content Highlight: Drishyam 3 pre sales crossed 10 crores with seven days left

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം