ഒറിജിനലിന്റെ വിലകളയുന്ന റീമേക്കുകള്‍ എന്ന ചീത്തപ്പേര് കേട്ട ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. മറ്റ് ഇന്‍ഡസ്ട്രികളില്‍ ഗംഭീര റെസ്‌പോണ്‍സ് ലഭിക്കുന്ന സിനിമകളെ റീമേക്ക് ചെയ്ത് നശിപ്പിക്കുന്നതില്‍ ബോളിവുഡ് എപ്പോഴും ഒരുപടി മുന്നിലാണ്. ഈ ചീത്തപ്പേര് ലഭിക്കാതെ ചുരുക്കം റീമേക്കുകളിലൊന്നാണ് ദൃശ്യം.

മലയാളത്തില്‍ ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോമ്പോയിലൊരുങ്ങിയ ദൃശ്യം ഫ്രാഞ്ചൈസി ഹിന്ദിയിലെത്തിയപ്പോള്‍ അജയ് ദേവ്ഗണ്ണാണ് നായകനായത്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും വന്‍ വിജയമായിരുന്നു. മലയാളത്തിലിറങ്ങിയ മൂന്നാം ഭാഗം ബോക്‌സ് ഓഫീസില്‍ 200 കോടിയിലേറെ നേടുകയും ഒ.ടി.ടിയില്‍ ട്രോള്‍ മെറ്റീരിയലാവുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഹിന്ദിയില്‍ സ്ഥിതി വ്യത്യസ്തമായിരിക്കുകയാണ്.

മലയാളം വേര്‍ഷനില്‍ നിന്ന് വ്യത്യസ്തമായ സ്‌ക്രിപ്റ്റിലാണ് ഹിന്ദിയില്‍ ദൃശ്യം 3 ഒരുങ്ങിയതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കിയിരുന്നു. പ്രീ സെയിലിടക്കം ഗംഭീര മുന്നേറ്റം നടത്തിയ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. അതിഗംഭീര റെസ്‌പോണ്‍സാണ് ദൃശ്യം ദി കണ്‍ക്ലൂഷന് ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി ദൃശ്യം 3 മാറുമെന്നാണ് കണക്കുകൂട്ടല്‍.

കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇതിന് പിന്നാലെ സംവിധായകന്‍ ജീത്തു ജോസഫിന് വലിയ ട്രോളുകള്‍ ലഭിക്കുകയാണ്. രണ്ടാം ഭാഗത്തിന് ചേരുന്ന രീതിയിലാണ് ഹിന്ദിയില്‍ മൂന്നാം ഭാഗം ഒരുക്കിയതെന്നും മലയാളത്തിലേത് പോലെ ബോക്‌സ് ഓഫീസ് വിജയം മാത്രം മുന്നില്‍ കണ്ട് ഒരുക്കിയ കഥയല്ലെന്നുമാണ് കമന്റുകള്‍.

നാലാം ഭാഗം ഒരുക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഏറ്റവും നല്ല കഥ ദൃശ്യം ദി കണ്‍ക്ലൂഷന്റേതാണെന്നും ആ കഥയുടെ റീമേക്ക് റൈറ്റ്‌സ് വാങ്ങണമെന്നുമാണ് ജീത്തുവിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമുള്ള പരിഹാസം. കല്യാണം മുടക്കല്‍ മാത്രം കാണിച്ച് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ ഹിന്ദിയിലെ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചില്ലെന്നും പരിഹാസമുണ്ട്.

മലയാളം വേര്‍ഷനെക്കാള്‍ മുകളില്‍ നില്‍ക്കുന്ന റീമേക്ക് വളരെ അപൂര്‍വമായി മാത്രമേ ഉണ്ടാവുകയുള്ളൂ. കേരളത്തിന് പുറത്ത് ദൃശ്യം എന്ന ബ്രാന്‍ഡ് ഹിന്ദി വേര്‍ഷനാണ് ഒറിജിനലെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. പുതിയ ഭാഗത്തിന്റെ തകര്‍പ്പന്‍ വിജയത്തോടെ ഈ ധാരണ കുറച്ചുകൂടി ശക്തമാകുമെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Drishyam 3 Hindi Remake became hit and Jeethu Joseph getting trolls