റീ റിലീസിന്റെ കാര്യത്തില്‍ മമ്മൂട്ടിയുടെ ട്രാക്കില്‍ മോഹന്‍ലാലും, ഈ വര്‍ഷം മൂന്നാമത്തെ റീ റിലീസും പരാജയം
Malayalam Cinema
റീ റിലീസിന്റെ കാര്യത്തില്‍ മമ്മൂട്ടിയുടെ ട്രാക്കില്‍ മോഹന്‍ലാലും, ഈ വര്‍ഷം മൂന്നാമത്തെ റീ റിലീസും പരാജയം
അമര്‍നാഥ് എം.
Saturday, 11th April 2026, 6:40 pm

മോളിവുഡില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റീ റിലീസുകളുടെ ചാകരയാണ്. പഴയകാലത്തെ പല വമ്പന്‍ സിനിമകളും ഒരിക്കല്‍കൂടി ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ഭാഗ്യം പ്രേക്ഷകര്‍ക്ക് ലഭിച്ചു. ദേവദൂതന്‍, സ്ഫടികം, ഛോട്ടാ മുംബൈ, രാവണപ്രഭു എന്നിങ്ങനെ മോഹന്‍ലാലിന്റെ സിനിമകളെല്ലാം തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. എന്നാല്‍ മോഹന്‍ലാലല്ലാതെ മറ്റൊരു നടനും റീ റിലീസില്‍ നേട്ടം സ്വന്തമാക്കാനായില്ല.

മമ്മൂട്ടിയുടെ റീ റിലീസുകളായ പാലേരിമാണിക്യം, ഒരു വടക്കന്‍ വീരഗാഥ, വല്ല്യേട്ടന്‍, അമരം എന്നീ ചിത്രങ്ങള്‍ക്ക് ഒരു ചലനവുമുണ്ടാക്കാന്‍ സാധിച്ചില്ല. പൃഥ്വിരാജ് നായകനായ അന്‍വര്‍ റീ റിലീസില്‍ ഒരു ലക്ഷം പോലും നേടാനാകാതെ കളംവിട്ടു. എന്നാല്‍ 2026ല്‍ റീ റിലീസുകളുടെ കാര്യത്തില്‍ മോഹന്‍ലാലിന് അടിതെറ്റുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ഈ വര്‍ഷം മോഹന്‍ലാലിന്റേതായി റീ റിലീസ് ചെയ്ത മൂന്ന് സിനിമകളും യാതൊരു ചലനവുമുണ്ടാക്കാതെ കളംവിട്ടു. റണ്‍ ബേബി റണ്ണായിരുന്നു ഈ വര്‍ഷത്തെ ആദ്യ റീ റിലീസ്. ജനുവരി 12ന് റീ റിലീസ് ചെയ്ത ചിത്രം വെറും നാല് ലക്ഷം മാത്രമാണ് നേടിയത്. ഫെബ്രുവരി ആറിന് ഉദയനാണ് താരവും റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ അതേദിവസം ഒരുപാട് സിനിമകള്‍ റിലീസിനുണ്ടായിരുന്നു. ഷോ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ റീ റിലീസ് മാറ്റിവെക്കുകയായിരുന്നു. പുതിയ റീ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ റീ റിലീസ് ചെയ്ത ദൃശ്യം 2ന്റെ അവസ്ഥയും ഒട്ടും മോശമല്ല. 2021ല്‍ നേരിട്ട് ഒ.ടി.ടിയിലെത്തിയ ചിത്രം ആദ്യമായാണ് തിയേറ്റര്‍ റിലീസ് ചെയ്യുന്നത്.

എന്നാല്‍ യാതൊരു ചലനവും ദൃശ്യം 2ന് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തില്‍ വളരെ കുറച്ച് സ്‌ക്രീനുകളില്‍ മാത്രമായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ വാഴ 2ന്റെ വമ്പന്‍ കുതിപ്പും മോഹിനിയാട്ടത്തിന്റെ റിലീസും ദൃശ്യം 2ന് തിരിച്ചടിയായി. റിലീസ് ചെയ്ത പകുതിയിലധികം സ്‌ക്രീനുകളിലും രണ്ടാംദിവസമായപ്പോഴേക്ക് ഷോകളുടെ എണ്ണം പകുതിയായി കുറച്ചെന്നാണ് റിപ്പോര്‍ട്ട്.

ഒ.ടി.ടി റിലീസ് സമയത്ത് തന്നെ ദൃശ്യം 2ന്റെ മേക്കിങ്ങിനെക്കുറിച്ച് വലിയ വിമര്‍ശനമുണ്ടായിരുന്നു. സീരിയല്‍ ലെവല്‍ മേക്കിങ്ങും സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളുടെ അമച്വര്‍ പെര്‍ഫോമന്‍സും പലര്‍ക്കും കല്ലുകടിയായി. ജീത്തുവിന്റെ സ്‌ക്രിപ്റ്റാണ് ദൃശ്യം 2നെ രക്ഷിച്ച പ്രധാന ഘടകം. റീ റിലീസില്‍ തുടര്‍ച്ചയായ പരാജയത്തിന്റെ ട്രാക്കിലാണ് മോഹന്‍ലാല്‍.

Content Highlight: Drishyam 2 movie re release didn’t made any impact in box office

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം