കോടിക്കൊന്നും ഒരു വിലയുമില്ലേ; ജോര്‍ദാനില്‍ ഡ്രാഗണ്‍ ഷൂട്ട് ചെയ്തത് ദിവസം ഒന്നരക്കോടി രൂപ ബഡ്ജറ്റിലെന്ന് നിര്‍മാതാവ്
Indian Cinema
കോടിക്കൊന്നും ഒരു വിലയുമില്ലേ; ജോര്‍ദാനില്‍ ഡ്രാഗണ്‍ ഷൂട്ട് ചെയ്തത് ദിവസം ഒന്നരക്കോടി രൂപ ബഡ്ജറ്റിലെന്ന് നിര്‍മാതാവ്
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 18th March 2026, 8:46 pm

പാന്‍ ഇന്ത്യന്‍ ചിത്രങ്ങളെന്ന സമ്പ്രദായം ഇന്ത്യന്‍ സിനിമയില്‍ ഉടലെടുത്ത ശേഷം പണം കൊണ്ട് അമ്മാനമാടുകയാണ് ഇന്ത്യന്‍ സിനിമയിലെ പല ചിത്രങ്ങളും. ഓപ്പണിങ് ദിവസം തന്നെ ശതകോടികള്‍ നേടാനുള്ള താരങ്ങളുടെ മാര്‍ക്കറ്റ് വാല്യൂവിനൊപ്പം മിനിമം ഗ്യാരണ്ടിയുള്ള സംവിധായകനും കൂടിയാകുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ഓരോ പ്രൊഡക്ഷന്‍ ഹൗസുകളും പുതിയ ചിത്രങ്ങള്‍ക്കായി മുതല്‍ മുടക്കുന്നത്.

വാരണാസി. Photo: T Series

രാജ്യത്ത് നിലവില്‍ ഏറ്റവും മികച്ച സംവിധായകരിലൊരാളായ എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വാരണാസി ആയിരം കോടി രുപയുടെ മുതല്‍മുടക്കിലാണ് ഒരുങ്ങുന്നതെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആയിരം കോടി കളക്ഷന്‍ വിരലിലെണ്ണാന്‍ സാധിക്കുന്നത്ര ചിത്രങ്ങള്‍ മാത്രം സ്വന്തമാക്കിയ സാഹചര്യത്തിലാണ് രാജമൗലി തന്റെ ചിത്രം ആയിരം കോടി മുതല്‍മുടക്കില്‍ ഒരുക്കുന്നതെന്ന വസ്തുതയാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്.

എന്നാല്‍ രാജമൗലിക്ക് ശേഷം ഇന്ത്യയിലെ വമ്പന്‍ ഡയറക്ടര്‍മാരിലൊരാളായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഡ്രാഗണുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. രാജമൗലി ചിത്രമായ ആര്‍.ആര്‍.ആറിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറ്റസിലേക്ക് ഉയര്‍ന്ന ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഡ്രാഗണ്‍. ചിത്രത്തിലെ പല ആക്ഷന്‍ രംഗങ്ങളും ജോര്‍ദാനിലാണ് ഷൂട്ട് ചെയ്യുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ജോര്‍ദാനിലെ ഷൂട്ടിനുള്ള മുതല്‍മുടക്കിനെ കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ഒരു പൊതുപരിപാടിക്കിടെ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ജോര്‍ദാനിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി ഒരു ദിവസം ഏകദേശം ഒന്നരക്കോടിയോളം രൂപയാണ് ചിത്രത്തിനായി ചെലവഴിച്ചതെന്നാണ് മൈത്ര മൂവി മേക്കേഴ്‌സിന്റെ ഉടമകളിലൊരാളായ മൈത്രി നവീന്‍ പറയുന്നത്.

ജൂനിയര്‍ എന്‍.ടി.ആറും പ്രശാന്ത് നീലും. Photo: Sacnilk

മലയാളത്തില്‍ ഹിറ്റടിക്കുന്ന പല ചിത്രങ്ങളുടെയും ആകെ ചെലവ് അഞ്ചു കോടി രൂപക്ക് താഴെ മാത്രം വരുന്ന സാഹചര്യത്തിലാണ് ഡ്രാഗണിന്റെ ഒരു ദിവസത്തെ ചെലവ് ഒന്നരക്കോടിയോളം വരുന്നത്. അതേസമയം മുടക്കുമുതലെല്ലാം ചിത്രം റിലീസ് ചെയ്ത് ആദ്യ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിരിച്ചുപിടിക്കാന്‍കഴിയുമെന്ന പ്രതീക്ഷയും നിര്‍മാതാക്കള്‍ക്കുണ്ട്.

കെ.ജി.എഫിനും സലാറിനും ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവനടന്‍ ടൊവിനോ തോമസും പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തില്‍ എന്‍.ടി,ആറിന്റെ വില്ലനായിട്ടായിരിക്കും ടൊവിനോയെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വേണ്ട രീതിയില്‍ പ്രൊമോഷനുകളും ഇതിനൊപ്പം ആദ്യ ദിവസം പോസിറ്റീവ് റിവ്യൂവും ലഭിച്ചാല്‍ ചിത്രത്തിന് നിലവിലെ ബോക്‌സ് ഓഫീസ് റെക്കോഡുകളെല്ലാം തകര്‍ക്കാനുള്ള കഴിവുണ്ടെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Dragon Movie Producer Mythri Naveen talks about per day budget for the movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.