വാഴ 2ലെ ഇരട്ടത്താപ്പ്, ഒരു മകന്റെ കണ്ണീരും മറ്റൊരു മകന്റെ അപമാനവും; ചർച്ചയാക്കി സോഷ്യൽ മീഡിയ
Malayalam Cinema
വാഴ 2ലെ ഇരട്ടത്താപ്പ്, ഒരു മകന്റെ കണ്ണീരും മറ്റൊരു മകന്റെ അപമാനവും; ചർച്ചയാക്കി സോഷ്യൽ മീഡിയ
നന്ദന എം.സി
Saturday, 9th May 2026, 2:42 pm

ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ് വാഴ 2. വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ സാ സംവിധാനം ചെയ്ത ചിത്രത്തിൽ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കൊപ്പം ബിജുക്കുട്ടൻ, സുധീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

റിലീസിന് ശേഷം ചിത്രത്തിലെ നിരവധി രംഗങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് സിനിമയിലെ രണ്ട് വ്യത്യസ്ത സീനുകളെ ചുറ്റിപ്പറ്റിയാണ്.

വാഴ2, Photo: IMDb

ചിത്രത്തിലെ ബിജുക്കുട്ടന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട രംഗമാണ് ഏറെ ഇമോഷണലായി പ്രേക്ഷകർ ഏറ്റെടുത്തത്. വർഷങ്ങളായി സോഷ്യൽ മീഡിയയിൽ ട്രോളായും തമാശയായും പ്രചരിച്ചിരുന്ന പടക്കം പൊട്ടിച്ച് ഓടുന്നതിനിടെ ഒരാൾ വീഴുന്ന വൈറൽ വീഡിയോയെ സിനിമ മറ്റൊരു തലത്തിലേക്ക് മാറ്റിയെന്നാണ് പ്രേക്ഷകർ പറയുന്നത്.

പടക്കം പൊട്ടിക്കാൻ പോയി റോഡിലേക്ക് വീഴുന്ന അച്ഛനെ കണ്ട് ചുറ്റുമുള്ളവർ ചിരിക്കുന്നതിനിടെ, ഓടിയെത്തി അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന മകന്റെ രംഗം നിരവധി പേരുടെ കണ്ണ് നനയിച്ചിരുന്നു. മറ്റൊരാളുടെ വീഴ്ചയിൽ ചിരിക്കരുത്, അത് അയാളുടെയും കുടുംബത്തിന്റെയും വേദനയാണ് എന്ന സന്ദേശം സിനിമ മനോഹരമായി അവതരിപ്പിച്ചുവെന്നാണ് സോഷ്യൽ മീഡിയ കുറിപ്പുകൾ.

വാഴ2, Photo: IMDb

എന്നാൽ അതേ സിനിമയിലെ മറ്റൊരു രംഗമാണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. സിനിമയുടെ തുടക്കത്തിൽ തിയേറ്ററിലെ തിരക്ക് നിയന്ത്രിക്കാൻ എത്തുന്ന ഒരു പൊലീസുകാരനെ ആൾക്കൂട്ടം ചേർന്ന് അസഭ്യം പറയുന്ന രംഗമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡ്യൂട്ടി ചെയ്യുന്ന ഒരു പൊലീസുകാരന്റെ അച്ഛനെയും അമ്മയെയും വരെ ചേർത്ത് തെറിവിളിക്കുന്ന രംഗം കോമഡിയായി അവതരിപ്പിച്ചതാണ് ചില പ്രേക്ഷകരെ അസ്വസ്ഥരാക്കിയത്.

ഒരു മകന്റെ അച്ഛൻ വീഴുമ്പോൾ നമ്മൾ ഇമോഷണലാകണം എന്ന് പറയുന്ന സിനിമ തന്നെയാണ് മറ്റൊരു മകന്റെ അച്ഛനെയും അമ്മയെയും അധിക്ഷേപിക്കുന്നത് തമാശയായി കാണിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം.

വാഴ2, Photo: IMDb

ക്രൗഡ് മാനേജ് ചെയ്യുക എന്നത് പൊലീസുകാരന്റെ ജോലിയാണെന്നും, ഡ്യൂട്ടിക്കിടെ നിൽക്കുന്ന ഒരാളുടെ മാതാപിതാക്കളെ അധിക്ഷേപിക്കുന്നത് എന്ത് തരത്തിലുള്ള കോമഡിയാണെന്നും ചിലർ ചോദിക്കുന്നു. തമാശയ്ക്കും ഒരു പരിധിയും നിലവാരവും വേണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്തായാലും ഒ.ടി.ടി റിലീസിന് ശേഷം വാഴ 2 വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്.

Content Highlight: Double standards in Vazha 2, one son’s tears and another son’s humiliation; Social media is a discussion

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.