ഇറാനോട് വന്‍ തുക യുദ്ധ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്; ഹോര്‍മുസ് തുറക്കാനുള്ള ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍
World News
ഇറാനോട് വന്‍ തുക യുദ്ധ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്; ഹോര്‍മുസ് തുറക്കാനുള്ള ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍
ആദർശ് എം.കെ.
Tuesday, 11th August 2026, 6:43 am

വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ അപ്രതീക്ഷിതമായ നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാന്‍ ആവശ്യപ്പെട്ട യുദ്ധ നഷ്ടപരിഹാരത്തിന് മറുപടിയായി, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇറാന്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ സൈനികര്‍ക്കും ഇറാനിലെ പ്രതിഷേധക്കാര്‍ക്കും വന്‍തുക നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ട്രംപിന്റെ ഈ പുതിയ ഉപാധികളോടെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ ധാരണകള്‍ പാളുകയും മേഖലയിലെ സമാധാന നീക്കങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലാവുകയും ചെയ്തിരിക്കുകയാണ്.

തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയിലും ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലുമാണ് ട്രംപ് തങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ വിവിധ ആക്രമണങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും ഇറാന്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് പണം നല്‍കണമെന്നാണ് ട്രംപിന്റെ പ്രധാന ആവശ്യം. പ്രത്യേകിച്ച്, ഇറാഖ് അധിനിവേശ സമയത്ത് ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ നേതൃത്വത്തില്‍ റോഡ് സൈഡ് ബോംബുകള്‍ ഉപയോഗിച്ച് അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തിയതിനും പരിക്കേല്‍പ്പിച്ചതിനും നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ, 2000 ഒക്ടോബറില്‍ യെമനില്‍ വെച്ച് യു.എസ് യുദ്ധക്കപ്പലായ ‘യു.എസ്.എസ് കോള്‍’ ആക്രമിക്കപ്പെട്ടതില്‍ കൊല്ലപ്പെട്ട 17 സൈനികരുടെ കുടുംബങ്ങള്‍ക്കും ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ് പറഞ്ഞു.

എന്നാല്‍ ഈ ആക്രമണത്തിന് പിന്നില്‍ അല്‍-ഖ്വയ്ദയാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിട്ടുള്ളത്.

ഇതിനുപുറമേ ഇറാന്‍ ഭരണകൂടം കൊലപ്പെടുത്തിയ ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് മാസത്തെ യുദ്ധത്തിനിടെ മാത്രം 52,000 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ട്രംപിന്റെ അവകാശവാദമെങ്കിലും, മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് ഇത് ഏകദേശം 7,000 മാത്രമാണ്.

ലെബനന്‍, സിറിയ, യെമന്‍, ഗസ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വരുത്തിയ നാശനഷ്ടങ്ങള്‍ക്കും ഇറാന്‍ തന്നെ ഉത്തരവാദികളാകണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമേരിക്കന്‍ സൈനിക നീക്കങ്ങളും ഭീഷണികളും പൂര്‍ണമായി അവസാനിപ്പിക്കുക, ഉപരോധങ്ങള്‍ പിന്‍വലിക്കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ ഉപാധികളില്ലാതെ വിട്ടുനല്‍കുക, കപ്പല്‍ ഗതാഗത തടസ്സവും ഉപരോധവും നീക്കുക, ഇറാനും സഖ്യകക്ഷികളുമെതിരെയുള്ള ആക്രമണങ്ങള്‍ സ്ഥിരമായി നിര്‍ത്തുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആറ് പ്രധാന നിബന്ധനകളാണ് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

ഒമാനുമായി ചേര്‍ന്ന് പുതിയ കപ്പല്‍ ചാലുകള്‍ നിര്‍മിക്കുന്നതിനായുള്ള കരാറില്‍ ഇറാന്‍ ഏകദേശം എത്തിക്കഴിഞ്ഞുവെങ്കിലും, അമേരിക്ക തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാതെ ഹോര്‍മുസ് തുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് ടെഹ്‌റാന്‍.

ഇതിനിടെ, ഇറാനിലെ ഭരണസിരാകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്താനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ട്രംപിന്റെ ഈ പുതിയ ഉപാധികള്‍ സമാധാന ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കിയതോടെ ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഒറ്റയടിക്ക് 5 ശതമാനം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്.

ലോകത്തെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് 2026 ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയത് മുതല്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

ഇന്ധനവില വര്‍ധിക്കുന്നത് അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകാനും സാധ്യതയുണ്ട്.

പുതിയൊരു ആണവ കരാറില്‍ ഒപ്പുവെക്കുക എന്ന പ്രാഥമിക ലക്ഷ്യത്തേക്കാള്‍, നിലവില്‍ ആഗോള വ്യാപാര പാതകള്‍ വീണ്ടും തുറക്കുന്നതിനാണ് ട്രംപ് ഭരണകൂടം മുന്‍ഗണന നല്‍കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

Content Highlight: Donald Trump demands massive war reparations from Iran.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.