ബ്രസീലിയ: വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും വിദേശ രാജ്യങ്ങള്‍ ഇടപെടുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ.
ബ്രസീലിന്റെ വിധി നിര്‍ണയിക്കേണ്ടത് അവിടുത്തെ ജനങ്ങള്‍ മാത്രമാണെന്നും വിദേശ ശക്തികള്‍ അതില്‍ കൈകടത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രസീലിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റങ്ങള്‍ അനുവദിക്കില്ലെന്ന് ലുല വ്യക്തമാക്കി. അമേരിക്കന്‍ തെരഞ്ഞെടുപ്പ് അവിടുത്തെ ആഭ്യന്തര കാര്യമായി കാണുന്നതുപോലെ, ബ്രസീലിയന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് താന്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
തന്റെ രാഷ്ട്രീയ എതിരാളിയും ട്രംപിന്റെ വിശ്വസ്തനുമായ സെനറ്റര്‍ ഫ്‌ലാവിയോ ബോള്‍സോനാരോയെ സഹായിക്കാനാണ് അമേരിക്കന്‍ ഭരണകൂടം ശ്രമിക്കുന്നതെന്നും ലുല ആരോപിച്ചു.
‘ബ്രസീലിയന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടപെടരുത്, കാരണം അമേരിക്കന്‍ തെരഞ്ഞെടുപ്പുകള്‍ അവരുടെ കാര്യമായതുപോലെ, ബ്രസീലിയന്‍ തെരഞ്ഞെടുപ്പുകള്‍ ബ്രസീലിന്റെ മാത്രം വിഷയമാണ്,’ അദ്ദേഹം പറഞ്ഞു.
ബ്രസീലിയന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 മുതല്‍ 37.5 ശതമാനം വരെ അധിക നികുതി ചുമത്തിയ അമേരിക്കയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ഡ സില്‍വ വിമര്‍ശിച്ചു.
അമേരിക്കയുടെ ഈ ഏകപക്ഷീയ നീക്കത്തിനെതിരെ ബ്രസീല്‍ ‘സാമ്പത്തിക റെസിപ്രോസിറ്റി നിയമം’ (Economic Reciprocity Law) പ്രയോഗിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.
ബ്രസീലിനെ ആരും നിസ്സാരമായി കാണരുതെന്നും വിദേശ രാജ്യങ്ങള്‍ രാജ്യത്തിന്റെ വിഭവങ്ങളെയും പരമാധികാരത്തെയും ബഹുമാനിക്കാന്‍ പഠിക്കണമെന്നും ലുല ഓര്‍മ്മിപ്പിച്ചു.
ചൈന, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ പ്രബല രാജ്യങ്ങള്‍ ബ്രസീലിന്റെ ധാതുസമ്പത്തും പ്രകൃതിവിഭവങ്ങളും സ്വന്തമാക്കാന്‍ ശ്രമിക്കരുത്. വിദേശ ഭീഷണികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ പ്രതിരോധ മേഖലയില്‍ നിക്ഷേപം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ക്വാസ്റ്റ് (Quaest) അഭിപ്രായ സര്‍വേ പ്രകാരം ലുല ഡ സില്‍വയ്ക്ക് 43 ശതമാനവും ബോള്‍സോനാരോയ്ക്ക് 40 ശതമാനവും ജനപിന്തുണയുണ്ട്. മത്സരം രണ്ടാം റൗണ്ടിലേക്ക് നീങ്ങാന്‍ സാധ്യതയുള്ള ഈ ഘട്ടത്തില്‍, വ്യാജവാര്‍ത്തകളും വിദേശ ഇടപെടലുകളും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ലുല ഡ സില്‍വ.
Content Highlight: Don’t try to interfere in Brazil’s elections; Lula warns Trump and others