ആ സീന്‍ ചെയ്യാന്‍ ഡ്യൂപ്പിനെ ഏര്‍പ്പാടാക്കിയിരുന്നു, അവര്‍ക്ക് അപകടം പറ്റിയതുകൊണ്ട് ഞാന്‍ തന്നെ അത് ചെയ്തു: ഡോളി ജൂണ്‍
Malayalam Cinema
ആ സീന്‍ ചെയ്യാന്‍ ഡ്യൂപ്പിനെ ഏര്‍പ്പാടാക്കിയിരുന്നു, അവര്‍ക്ക് അപകടം പറ്റിയതുകൊണ്ട് ഞാന്‍ തന്നെ അത് ചെയ്തു: ഡോളി ജൂണ്‍
അമര്‍നാഥ് എം.
Wednesday, 24th June 2026, 3:54 pm

ബാലന്‍ കണ്ടവരാരും മറക്കാത്ത മുഖങ്ങളിലൊന്നാണ് ആദ്യപകുതിയില്‍ വന്നുപോകുന്ന അമ്മാമ്മയുടേത്. ചിദംബരം അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ഈ വേഷം ചെയ്തത് പുതുമുഖമായ ഡോളി ജൂണാണ്. ഒരേസയമം കോമഡിയും മാസും ചേര്‍ന്ന കഥാപാത്രം അനായാസമായാണ് ഡോളി പകര്‍ന്നാടിയത്. ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നതിന്റെ യാതൊരു പരിഭ്രമവും ഡോളിയില്‍ ഉണ്ടായിരുന്നില്ല.

സിനിമയുടെ തുടക്കത്തില്‍ പുകവലിക്കെതിരായ വാണിങ്ങിന്റെ ശബ്ദം ഡോളിയുടേതായിരുന്നു. ഗണപതിയാണ് തന്നെ ഈ സിനിമയിലേക്ക് തെരഞ്ഞെടുത്തതെന്നും സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമൊന്നും തനിക്ക് ഇല്ലായിരുന്നെന്നും പറയുകയാണ് ഡോളി ജൂണ്‍. സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും ഡോളി ജൂണ്‍ പറഞ്ഞു.

ഡോളി ജൂണ്‍ Photo: Screen grab/ Mathrubhumi News

വയനാട്ടിലായിരുന്നു ഷൂട്ടെന്നും തന്നെ നല്ല രീതിയില്‍ പരിചരിക്കാന്‍ ക്രൂ ശ്രദ്ധിച്ചിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗണപതിയുമായും ചിദംബരവുമായും നല്ല സൗഹൃദമാണെന്നും സ്വന്തം വീട്ടുകാരോടെന്ന പോലെ സ്‌നേഹമുണ്ടെന്നും ഡോളി പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോളി ജൂണ്‍ ഇക്കാര്യം പറഞ്ഞത്.

‘ഈ പടത്തില്‍ എല്ലാവരും എടുത്തുപറഞ്ഞ ഒരു സീനാണ് ആ വീല്‍ ചെയറിലുള്ള എന്‍ട്രി. ആ സീന്‍ ആദ്യം ഡ്യൂപ്പിനെ വെച്ച് ചെയ്യാനിരുന്നതായിരുന്നു. പക്ഷേ, സീനെടുക്കുന്നതിന്റെ അന്ന് ആ ഡ്യൂപ്പിന് അപകടം പറ്റി. ഡ്യൂപ്പിന്റെ ആവശ്യമില്ലെന്നും ഞാന്‍ ആ സീന്‍ ചെയ്‌തോളാമെന്നും പറഞ്ഞത് ഞാനാണ്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ആ വീല്‍ ചെയര്‍ അവര്‍ എനിക്ക് തന്നു.

റിലീസിന്റെ തലേന്ന് സിനിമ കാണാന്‍ എല്ലാവരും വിളിച്ചു. ടൊവിനോ, ഗണപതി, ചിദംബരം എല്ലാവരുമുണ്ടായിരുന്നു. അവരെ വിട്ടിട്ട് വരുന്നതില്‍ ചെറിയ വിഷമമൊക്കെ ഉണ്ടായിരുന്നു. അന്ന് ബാറില്‍ പോയി രണ്ടെണ്ണം അടിച്ചിട്ടാണ് ഇറങ്ങിയത്. നല്ല അനുഭവമായിരുന്നു. കഴിഞ്ഞദിവസം കൂടി ചിദംബരവും അയാളുടെ ഭാര്യയും വിളിച്ച് സുഖവിവരം അന്വേഷിച്ചു. എല്ലാവരും എന്നെ കാണണമെന്ന് പറയുന്നുണ്ട്. അങ്ങോട്ട് പോയി കാണാനുള്ള ആരോഗ്യമില്ല,’ ഡോളി ജൂണ്‍ പറഞ്ഞു.

പുതുമുഖങ്ങളായ ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിയാന്‍ എന്നിവരാണ് ബാലനിലെ പ്രധാന കഥാപാത്രങ്ങള്‍. പല നാടുകളില്‍ പല പേരുകളില്‍ കഴിയുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത്. ടൊവിനോ തോമസിന്റെ അതിഥിവേഷവും ബാലനെ ഗംഭീരമാക്കുന്നു. ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി എന്നിവരും ബാലന്റെ ഭാഗമാണ്.

Content Highlight: Dolly June about the wheelchair sequence in Balan Movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം