ന്യൂദല്‍ഹി: ദല്‍ഹിയുടെ ഹൃദയഭാഗമായ ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ അനുവദിക്കുന്നതിനെതിരെ ദല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതിഷേധങ്ങള്‍ മൂലം ജനങ്ങളുടെ ദൈനം ദിന ജീവിതവും റോഡ് ഗതാഗതവും ആംബുലസ് ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങളും തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കോടതി നിരീക്ഷിച്ചു.
ഓഗസ്റ്റ് 10ന് രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ ജന്തര്‍ മന്തറില്‍ സമാധാനപരമായ പ്രതിഷേധം നടത്താന്‍ ദല്‍ഹി പൊലീസിനോട് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ദളിത് ക്രിസ്ത്യന്‍ അവകാശസംരക്ഷണ സമിതി സമര്‍പ്പിച്ച ഹരജിയി പരിഗണിക്കുകയായിരുന്നു കോടതി.
‘എന്റെ അഭിപ്രായത്തില്‍, നഗരത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ല, പക്ഷേ അത് സര്‍ക്കാറിന്റെ തീരുമാനമാണ്. എന്തിനാണ് തലസ്ഥാന നഗരത്തെ പൊതുപ്രക്ഷോഭങ്ങള്‍ക്കൊണ്ട് ബന്ധിയാക്കുന്നത്.’ ജസ്റ്റിസ് അമിത് മഹാജന്‍ പറഞ്ഞു.
ജൂലൈ ഒമ്പതിന് അവകാശസംരക്ഷണ സമിതി ദല്‍ഹി പൊലീസിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.
ക്രമസമാധാനം പൊലീസിന്റെ പരിധിയില്‍ വരുന്നതാണെന്നും ഹര്‍ജിക്കാരന്റെ പരാതിയില്‍ തീരുമാനമെടുക്കാന്‍ കോടതി ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു.
ദല്‍ഹിയില്‍ ഒരു ബദല്‍ പ്രതിഷേധ സ്ഥലം കണ്ടെത്തുന്നതിനുള്ള വിഷയം സുപ്രീം കോടതി നിലവില്‍ പരിശോധിച്ചുവരുകയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ ഹരജി പരിഗണിക്കുന്നതിനിടയില്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം ജന്തര്‍ മന്ദര്‍ പ്രതിഷേധങ്ങള്‍ക്ക് അനുയോജ്യ സ്ഥലമല്ലെന്നും പ്രദേശത്തെ താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിഷയത്തില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചിരുന്നു.
Content highlights: ‘Do not hold the city hostage’; Delhi High Court on Jantar Mantar protests
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.