കെയ്റോ: ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി നടപ്പാക്കുന്നതിനുള്ള റോഡ്മാപ്പ് ഇസ്രഈല്‍ തള്ളിയതിനെതിരെ എട്ട് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ രംഗത്ത്.
സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, പാകിസ്താന്‍, ഇന്തോനേഷ്യ, തുര്‍ക്കി, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയില്‍ ഇസ്രഈലിന്റെ നിലപാടിനെ വിമര്‍ശിച്ചത്.
റോഡ്മാപ്പ് തള്ളിയത് ഗസയിലെ യുദ്ധം അവസാനിപ്പിക്കാനും ദീര്‍ഘകാല സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്ന് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. റോഡ്മാപ്പ് നടപ്പാക്കുന്നതിലൂടെ ഹമാസിന്റെ ആയുധനിരായുധീകരണം, ഇസ്രഈല്‍ സൈന്യത്തിന്റെ ഗസയില്‍നിന്നുള്ള പിന്‍വാങ്ങല്‍, അന്താരാഷ്ട് സേനയുടെ വിന്യാസം, ഗസയുടെ ഭരണ ചുമതല പുതിയ ഫലസ്തീന്‍ സാങ്കേതിക സമിതിക്ക് കൈമാറല്‍, പുനര്‍നിര്‍മാണം എന്നിവയാണ് ലക്ഷ്യമിടുന്നത്.
‘ ഗസയിലും മറ്റ് ഫലസ്തീന്‍ പ്രദേശങ്ങളിലും സമാധാനം സ്ഥാപിക്കാനുള്ള ശ്രമം തടസപ്പെടുത്തുന്നതിയതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഇപ്പോള്‍ ഇസ്രഈലിന്റേതാണ്. ഇതിന് തെളിവാണ് പദ്ധതി നിരാകരിച്ചത്,’ രാജ്യങ്ങളിലെ മന്ത്രിമാര്‍ പറഞ്ഞു.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റോഡ്മാപ്പിനെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ്. ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ബോര്‍ഡ് ഓഫ് പീസ് സമിതിയും മുന്നോട്ടുവെച്ച 15 ഇന സമാധാന കരട് രേഖ ഔദ്യോഗികമായി ഇസ്രഈല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഹമാസ് പൂര്‍ണമായും ആയുധം വെച്ചു കീഴടങ്ങുന്നത് വരെ ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം ഒരു തരത്തിലുമുള്ള പിന്മാറ്റവും നടത്തുകയില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.
15 ഇന ഗസ രേഖ ഇസ്രഈല്‍ അംഗീകരിക്കുന്നില്ലെന്നും, വ്യാജമായ ആയുധ വിതരണമല്ല മറിച്ച് ചെറുതും വലുതുമായ മുഴുവന്‍ ആയുധങ്ങളും ഹമാസ് പൂര്‍ണമായി ഉപേക്ഷിച്ചുവെന്ന് ഉറപ്പുവരുത്താതെ സൈന്യം ഗസ വിടില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രതിനിധി ഉള്‍പ്പെടെയുള്ള സംഘം ഈജിപ്തില്‍ മധ്യസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് നെതന്യാഹുവുമായി അമേരിക്കന്‍ പ്രതിനിധി കൂടിക്കാഴ്ച നടത്തുമെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യു.എസ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഗസയിലെ പ്രതിനിധിയും സമാധാന ബോര്‍ഡും ചേര്‍ന്ന് നടത്തിയ വിശദമായ ചര്‍ച്ചയിലാണ് ഫലസ്തീന്‍ പ്രതിനിധികള്‍ അംഗീകരിച്ച റോഡ്മാപ്പ് രൂപീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗസയിലെ മനുഷ്യരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും പുനര്‍ നിര്‍മ്മാണത്തിനും വീണ്ടെടുക്കലിനും വഴിയൊരുക്കുന്ന ഈ പദ്ധതി പൂര്‍ണമായി നടപ്പിലാക്കണമെന്ന് മന്ത്രിമാര്‍ ഈസ്രഈലിനോടാവശ്യപ്പെട്ടു.
‘ ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിലൂടെയും 1967ലെ നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രവും പരമാധികാരവുമുള്ള ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കുന്നതും കിഴക്കന്‍ ജെറുസലേം തലസ്ഥാനമാക്കിയും മാത്രമേ നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കാന്‍ കഴിയൂ,’ മന്ത്രിമാരുടെ പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: Do not close the path to ending the Gaza war’: Eight countries against Israel
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.