പൗലോസെ ഇത് എത്ര പേരെ താങ്ങും?; പ്രഡിക്ടബിളാകുമ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ പരാജയപ്പെടാത്ത സര്‍വ്വം മായ
Malayalam Cinema
പൗലോസെ ഇത് എത്ര പേരെ താങ്ങും?; പ്രഡിക്ടബിളാകുമ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ പരാജയപ്പെടാത്ത സര്‍വ്വം മായ
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 3rd February 2026, 3:37 pm

ഒരേ പാറ്റേണിലാണ് കഥ പറയുന്നതെങ്കിലും മലയാളി സിനിമാ പ്രേക്ഷകരെ ഒരു പരിധി വരെ പിടിച്ചിരുത്തുന്നതില്‍ സംവിധായകനായ സത്യന്‍ അന്തിക്കാട് പലപ്പോഴും വിജയിക്കാറുണ്ട്. ഇതേ പാറ്റേണ്‍ പിന്തുടര്‍ന്ന് വിജയക്കൊടി പാറിക്കാന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനും കഴിഞ്ഞു എന്നതാണ് അടുത്തിടെ പുറത്തിറങ്ങിയ നിവിന്‍ പോളി നായകനായ സര്‍വ്വം മായ സൂചിപ്പിക്കുന്നത്.

സങ്കീര്‍ണമായ കഥാപശ്ചാത്തലമോ ട്വിസ്റ്റുകളോ ഇല്ലാതെ ഒട്ടനവധി കഥാപാത്രങ്ങളെ കോര്‍ത്തിണക്കി ഒരു മികച്ച ഹൊറര്‍ കോമഡി ഴോണര്‍ ചിത്രം ഒരുക്കാന്‍ അഖിലിന് സാധിച്ചിട്ടുണ്ട്. യാതൊരു വിധ മാസ് ആക്ഷന്‍ രംഗങ്ങളുമില്ലാത്ത ചിത്രം 150 കോടിയോളം നേടുക എന്നതും അഖില്‍, അന്തിക്കാട് പാറ്റേണിനെ എത്ര വിജയകരാമായി ഉപയോഗിച്ചിട്ടുണ്ട് എന്നതതിന്റെ തെളിവാണ്.

സര്‍വ്വം മായ. Photo: Book My Show

ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ വരുന്ന ചില രംഗങ്ങളിലെങ്കിലും അടുത്തത് എന്താണ് നടക്കാന്‍ പോകുന്നത് എന്ന് ചിത്രം കാണുന്നവര്‍ക്ക് ഊഹിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള കഥാരചനയാണ് സര്‍വ്വം മായയുടേത്. ക്ലൈമാക്‌സില്‍ ഡെലൂലുവിനെ വണ്ടിയിടിക്കുന്നതടക്കം പ്രെഡിക്ടബിള്‍ ആയിരുന്നെങ്കിലും ഇത് ഫീല്‍ ചെയ്യാത്ത വിധത്തിലാണ് സംവിധായകന്‍ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ക്ലീഷേ ആയിരുന്നെങ്കിലും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച സീനായിരുന്നു അജു വര്‍ഗീസ് പൂജക്കായി പോയ വീട്ടിലെ ഊഞ്ഞാല്‍ പൊട്ടി വീഴുന്നത്. പുതിയ വീട്ടില്‍ ഫിറ്റ് ചെയ്ത ഊഞ്ഞാലിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സീനില്‍ ‘പൗലോസെ ഇത് എത്ര പേരെ താങ്ങും’ എന്ന് അജു വര്‍ഗീസിന്റെ കഥാപാത്രം ചോദിക്കുമ്പോള്‍ ഈ പഞ്ചായത്ത് മുഴുവന്‍ താങ്ങും എന്നാണ് പൗലോസ് ആത്മ വിശ്വാസത്തോടെ മറുപടി പറയുന്നത്.

അതൊന്ന് കാണട്ടെ എന്ന് പറഞ്ഞ് അവിടെയുള്ളവരെയെല്ലാം കൂട്ടി രൂപേഷ് നമ്പൂതിരി എന്ന അജുവിന്റെ കഥാപാത്രം ഊഞ്ഞാലില്‍ ചെന്നിരിക്കുന്നുണ്ട്. ‘ഇങ്ങട്ട് വാടാ കേമാ’ എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നിരുന്ന സാമാന്യം തടിച്ച കുട്ടിയെ മടിയിലേക്ക് അജു വിളിച്ചിരുത്തുന്ന നിമിഷം തന്നെ ഊഞ്ഞാല്‍ പൊട്ടുമെന്ന കാര്യം പ്രേക്ഷകര്‍ക്ക് മനസ്സിലാവും. എന്നിരുന്നാലും വലിയ പ്രതികരണമായിരുന്നു ആ രംഗത്തിന് തിയേറ്ററുകളില്‍ ലഭിച്ചത്.

സര്‍വ്വം മായയില്‍ നിന്നുള്ള രംഗം. Photo: screen grab/ cinema kadha/ youtube.com

വീണ ശേഷം കുട്ടിയുടെ അടിയില്‍ നിന്നും അജുവിനെ എഴുന്നേല്‍പ്പിക്കുന്ന നിവിന്റെ എക്‌സ്‌പ്രെഷനും ചിരി പടര്‍ത്തുന്നു. ആലോചിച്ച് ചിരിക്കാനുള്ള ഒന്നും തന്നെ സീനില്ലെങ്കിലും നിവിന്‍, അജു, സലീം ഹസ്സന്‍ തുടങ്ങിയവരുടെ പ്രകടനമാണ് ,സീനിനെ നെക്സ്റ്റ് ലെവലിലേക്ക് എത്തിച്ചത്.

ഇത്തരത്തില്‍ ആവര്‍ത്തനമുള്ള വിഷയങ്ങളെ പുതുമയോട് കൂടി അവതരിപ്പിക്കുന്നിടത്താണ് അഖില്‍ സത്യന്‍ എന്ന സംവിധായകന്റെ വിജയം. പാലക്കാടന്‍ ഗ്രാമഭംഗിക്കൊപ്പം ജസ്റ്റിന്‍ പ്രഭാകരന്റെ സംഗീതം കൂടിയാകുമ്പോള്‍ ചിത്രം ഒരു ഇളം കാറ്റുപോലെ പ്രേക്ഷകരില്‍ കുളിര് പരത്തുന്നു.

Content Highlight: Discussion about comedy scene in sarvam maya

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.