പ്രേമലു പോലെ ഒരു മാജിക്ക് സൃഷ്ടിക്കാനുള്ള കഴിവ് ബെത്‌ലഹേമിനുമുണ്ട്; ഗിരീഷിന് ആശംസയറിയിച്ച് ജൂഡ് ആന്തണി ജോസഫ്
Malayalam Cinema
പ്രേമലു പോലെ ഒരു മാജിക്ക് സൃഷ്ടിക്കാനുള്ള കഴിവ് ബെത്‌ലഹേമിനുമുണ്ട്; ഗിരീഷിന് ആശംസയറിയിച്ച് ജൂഡ് ആന്തണി ജോസഫ്
അശ്വിന്‍ രാജേന്ദ്രന്‍
Monday, 3rd August 2026, 10:43 pm

മറ്റൊരു ഓണക്കാലം മലയാളികള്‍ക്ക് മുമ്പിലേക്കെത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. ബിഗ് ബഡ്ജറ്റിലൊരുക്കിയ രണ്ട് ആക്ഷന്‍ ചിത്രങ്ങളും ഒരു റോ-കോം ചിത്രവും തിയേറ്ററുകളിലേക്കെത്തുമ്പോള്‍ ഏത് ചിത്രം ആദ്യം കാണമമെന്നുള്ള ആശങ്കയിലാണ് പ്രേക്ഷകര്‍ ഒന്നടങ്കം. ദുല്‍ഖര്‍ സല്‍മാന്റെ ഐ ആം ഗെയിമും, പൃഥ്വിരാജിന്റെ ഖലീഫയും വമ്പന്‍ ഫൈറ്റിനൊരുങ്ങുമ്പോള്‍ നിവിന്‍ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റും ഉറച്ച വിജയ പ്രതീക്ഷയിലാണുള്ളത്.

Photo: X.com

ഇപ്പോഴിതാ മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ജൂഡ് ആന്തണി ജോസഫ് ഗിരീഷ് എ.ഡിയെ കുറിച്ചും അദ്ദേഹം സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജൂഡ് സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം തുടക്കവുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. ഗിരീഷ് എ.ഡിയുടെ ഹിറ്റ് ചിത്രം പ്രേമലു പോലെ ഒരു മാജിക്ക് ഉള്ള ചിത്രമായി ബെതലഹേം കുടുംബ യൂണിറ്റ് മാറട്ടെ എന്ന് പറയുകയാണ് അദ്ദേഹം.

Photo: Screen Grab/ Bhavana Studios/ Youtube.com

‘റോം കോം ചിത്രങ്ങള്‍ ചെയ്യുക എന്നത് ഒരിക്കലും എളുപ്പമല്ല. നിങ്ങള്‍ ഗിരീഷിനോട് ചോദിക്കുകയാണെങ്കില്‍ റൊമാന്‍സും കോമഡിയും ഒരു പോലെ വര്‍ക്കാവുന്ന ഒരു ചിത്രം ചെയ്യാന്‍ എത്ര ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞ് തരും. പ്രേക്ഷകരുമായി കണക്ട് ആവുന്ന, എല്ലാം അതിന്റേതായ കറക്ട് മീറ്ററില്‍ തന്നെയുള്ള ഒരു ചിത്രത്തിന് ഉത്തമ ഉദാഹരണമാണ് പ്രേമലു.

ഓണത്തിന് റിലീസ് ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിനും അത്തരത്തില്‍ ഒരു മാജിക്ക് ക്രിയേറ്റ് ചെയ്യാനുള്ള പൊട്ടന്‍ഷ്യല്‍ ഉണ്ടെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. റൊമാന്‍സും കോമഡിയും ഇമോഷനും കൃത്യമായ അളവില്‍ കൂട്ടിച്ചേര്‍ത്താല്‍ അത് വളരെ സ്‌പെഷ്യലായി മാറുമെന്നാണ് വിശ്വസിക്കുന്നത്,’ ജൂഡ് പറഞ്ഞു.

പ്രേമലു. Photo: Jio Htstar

നസ്‌ലെന്‍, മമിത ബൈജു തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2024ല്‍ പുറത്തിറങ്ങിയ പ്രേമലു വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. സൗത്ത് ഇന്ത്യയില്‍ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസാണ് ബെതലഹേം കുടുംബ യൂണിറ്റും നിര്‍മിക്കുന്നത്. നിവിന്‍ പോളിയ്‌ക്കൊപ്പം നായികയായെത്തുന്നത് മമിത ബൈജുവാണ്. ചിത്രത്തില്‍ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Director Jude Anthany Jose talks about Girish AD and His upcoming Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.