ദൃശ്യം പോലെ ഇത്രയധികം ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു ഫ്രാഞ്ചൈസില്‍ നിന്നൊരു സിനിമ റിലീസിനെത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ആ സിനിമ ഉയരുമോ എന്നതായിരിക്കും ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്ക.

ദൃശ്യം 3യുടെ കാര്യത്തില്‍ തനിക്ക് അത്ര വലിയൊരു ടെന്‍ഷന്‍ ഇല്ലെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്. ഒന്നുകില്‍ ആള്‍ക്കാര്‍ ‘നല്ല പടം’ എന്ന് പറയും, അല്ലെങ്കില്‍ ‘നല്ലതല്ല’ എന്ന് പറയും. അത്രമാത്രമേ താന്‍ കരുതുന്നുള്ളൂവെന്നായിരുന്നു ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ ജീത്തുപറഞ്ഞത്. തന്റെ സിനിമാ മേക്കിങ്ങിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ജീത്തു മറുപടി നല്‍കുന്നുണ്ട്.

‘എന്നെ സംബന്ധിച്ച് അങ്ങനെ വലിയ ടെന്‍ഷന്‍ ഒന്നുമില്ല. കാരണം ഒന്നെങ്കില്‍ ആള്‍ക്കാര്‍ ‘നല്ല പടം’ എന്ന് പറയും, അല്ലെങ്കില്‍ ‘നല്ലതല്ല’ എന്ന് പറയും. അത് മാത്രമേയുള്ളൂ.

ഇതിനകത്ത് നല്ല പടം എന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കും എന്റെ ടീമിനും എല്ലാവര്‍ക്കും ഉണ്ട്. പക്ഷേ എപ്പോഴും നമ്മള്‍ ചെയ്യുന്ന പടങ്ങളില്‍ ചിലപ്പോള്‍ ചിലര്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം.

ഇപ്പോള്‍ ചില രീതിയിലുള്ള മേക്കിങ്ങിനകത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകും. ഞാന്‍ ഓരോ സിനിമകളെയും എന്റെതായ രീതിയില്‍ അപ്രോച്ച് ചെയ്യുന്നു. ഞാന്‍ അത് മേക്ക് ചെയ്യുന്നു. അതിനകത്ത് അഭിപ്രായവ്യത്യാസം ഉള്ളവര്‍ പറയും. എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ എങ്ങനെയാണോ ഷൂട്ട് ചെയ്യേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നത്, ഞാന്‍ അതുപോലെ ഷൂട്ട് ചെയ്തു.

ദൃശ്യം Photo:Aashirvad Cinemas

അതിന്റെ ഔട്ട് കണ്ടു, ഞങ്ങള്‍ ഹാപ്പിയാണ്. നല്ല സിനിമയാണ്. ദൃശ്യം ഒന്നും രണ്ടും ഇറങ്ങിയപ്പോഴും, എന്റെ എല്ലാ സിനിമകളും ഇറങ്ങുമ്പോഴും ഞാന്‍ പറയാറുണ്ട് നല്ല സിനിമയാണെന്ന്. അതിന്റെ ബോക്‌സ് ഓഫീസ് എന്റെ കൈയിലല്ല. അത് പ്രേക്ഷകരുടെ കാഴ്ചപ്പാടാണ്.

ദൃശ്യം മൂന്നിനെ സംബന്ധിച്ച് നല്ല സിനിമയാണെന്നുള്ള ഉത്തമ ബോധ്യം നമുക്കുണ്ട്. പിന്നെ ഉള്ളത് പ്രൊഡ്യൂസറെ സര്‍വൈവ് ചെയ്യിക്കുക എന്നുള്ളതാണ്. ഇതിപ്പോള്‍ ആദ്യം തന്നെ പ്രൊഡ്യൂസര്‍ക്ക് വന്‍ ലാഭത്തില്‍ വലിയൊരു ഓഫറില്‍ അത് ആള്‍ക്കാര്‍ മേടിച്ചു.
അപ്പോള്‍ ആ സൈഡും ക്ലിയര്‍ ആയി.

ഇനിയിപ്പോള്‍ ആള്‍ക്കാര്‍ ‘നല്ലത്’ എന്ന് കൂടെ പറയണം എന്നാണ് ആഗ്രഹം. ടെന്‍ഷന്‍ എന്നതിനേക്കാള്‍ ഉപരി, ഇത് എങ്ങനെയായിരിക്കും ആള്‍ക്കാര്‍ എടുക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ക്യൂരിയോസിറ്റി ഉണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യം ലൊക്കേഷനില്‍ നിന്നും Photo: Aashirvad Cinemas

മലയാളത്തിലെ അപ്കമിങ് റിലീസുകളില്‍ നിലവില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ദൃശ്യം 3. നിയമത്തിന് മുന്നില്‍ ജോര്‍ജുകുട്ടി കീഴടങ്ങുമോ അതോ എന്നെന്നേക്കുമായി ഈ കേസില്‍ നിന്ന് രക്ഷപ്പെടുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും ദൃശ്യം 3 എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

മലയാളത്തിനൊപ്പം മെയ് 21 ന് തന്നെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. ഈ ഭാഷകളിലെല്ലാം മുന്‍ പതിപ്പുകള്‍ റീമേക്ക് ആയാണ് എത്തിയിരുന്നത്.

ചിത്രത്തിന്റേതായി നേരത്തെ പുറത്തെത്തിയ ടീസറിനും ട്രെയ്‌ലറിനുമൊക്കെ വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ ഗാനവും പുറത്തുവിട്ടിട്ടുണ്ട്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എവുജിന്‍ ആണ് ആലാപനം.

Content Highlight: Director Jeethu Joseph about his Style of making