നീ ക്രിസ്ത്യാനിയാണെങ്കില്‍ ബൈബിളിലെ രണ്ട് വാക്യം പറഞ്ഞേ; ബാലനില്‍ അധികമാരും ശ്രദ്ധിക്കാത്ത മൂന്നാമത്തെ സംവിധായകന്‍ അഥവാ ലോറി ഡ്രൈവര്‍
Malayalam Cinema
നീ ക്രിസ്ത്യാനിയാണെങ്കില്‍ ബൈബിളിലെ രണ്ട് വാക്യം പറഞ്ഞേ; ബാലനില്‍ അധികമാരും ശ്രദ്ധിക്കാത്ത മൂന്നാമത്തെ സംവിധായകന്‍ അഥവാ ലോറി ഡ്രൈവര്‍
അമര്‍നാഥ് എം.
Monday, 3rd August 2026, 11:37 am

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമെന്ന് പലരും അഭിപ്രായപ്പെട്ട ബാലന്‍ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. പ്രേക്ഷകരും നിരൂപകരം ഒരുപോലെ പ്രശംസിച്ച ബാലന്‍ സീ ഫൈവിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിലെ ഓരോ സീനുകളും കഥാപാത്രങ്ങളുമാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം അതിന്റെ കാസ്റ്റിങ്ങും മേക്കിങ്ങും കൊണ്ടാണ് മികച്ചു നില്‍ക്കുന്നത്. പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ ചെറിയ സീനില്‍ വന്നുപോകുന്നവരും ശ്രദ്ധ നേടിയിരുന്നു. രണ്ട് സംവിധായകര്‍ പൊലീസ് വേഷം കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയും ബാലനുണ്ടായിരുന്നു.

ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി Photo: Zee 5

ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി എന്നിവര്‍ തങ്ങളുടെ പൊലീസ് വേഷം ഗംഭീരമാക്കി. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ക്യാമറക്ക് മുന്നിലെത്തിയ മറ്റൊരു സംവിധായകനെക്കുറിച്ചും സിനിമാപേജുകള്‍ ചര്‍ച്ച ചെയ്യുകയാണ്. ചിത്രത്തിന്റെ തുടക്കത്തില്‍ വെറും രണ്ട് സീനില്‍ മാത്രം വന്നുപോകുന്ന ഒരു ലോറി ഡ്രൈവറെ ആരും മറക്കാനിടയില്ല.

ബാലനും അമ്മയും ആദ്യം ജോലി ചെയ്ത ചായക്കടയില്‍ എത്തുന്ന ലോറി ഡ്രൈവര്‍ അവരോട് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതുകൊണ്ടാണ് അവര്‍ അവിടം വിടുന്നത്. പിന്നീട് മറ്റൊരു നാട്ടില്‍ മറ്റൊരു ഐഡന്റിറ്റിയില്‍ ജീവിക്കുമ്പോഴും ഇതേ ലോറി ഡ്രൈവര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പേരില്ലാത്ത ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയാണ്.

ആനന്ദ് ഏകര്‍ഷി Photo: Zee 5

ദേശീയ അവാര്‍ഡ് നേടിയ ആട്ടത്തിന്റെ സംവിധായകനായ ആനന്ദ് ഏകര്‍ഷി ഇതാദ്യമായല്ല ക്യാമറക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ സര്‍വ്വം മായയില്‍ ചെറിയ വേഷം ആനന്ദ് കൈകാര്യം ചെയ്തിരുന്നു. നിവിന്‍ അവതരിപ്പിച്ച പ്രഭേന്ദുവിന് സിനിമയില്‍ അവസരം നല്‍കുന്ന ഫൈസലായാണ് അദ്ദേഹം വേഷമിട്ടത്.

ബാലനില്‍ വെറും രണ്ട് സീന്‍ കൊണ്ട് നോട്ടബിളായിട്ടുള്ള പ്രകടനമാണ് ആനന്ദ് ഏകര്‍ഷി കാഴ്ചവെച്ചത്. ആദ്യം കണ്ട ഇന്ദു പിന്നീട് മേരി എന്ന പേരില്‍ ജോലി ചെയ്യുന്നത് കണ്ട് അയാള്‍ സംശയിക്കുന്നുണ്ട്. അമ്മയോട് ചോദിച്ച അതേ ചോദ്യങ്ങള്‍ മകനോടും ചോദിക്കുകയും ഒരേ ഉത്തരം കിട്ടുമ്പോള്‍ അന്തംവിട്ട് നോക്കുന്നതുമെല്ലാം ഗംഭീരമായി ചെയ്യാന്‍ ആനന്ദ് ഏകര്‍ഷിക്ക് സാധിച്ചു.

ആനന്ദ് ഏകര്‍ഷി Photo: Zee 5

‘നീ ക്രിസ്ത്യാനിയാണെങ്കില്‍ ബൈബിളിലെ രണ്ട് വാക്യം പറഞ്ഞേ’ എന്ന ഡയലോഗെല്ലാം പക്കാ നാച്ചുറലായിരുന്നു. നല്ല സംവിധായകരെല്ലാം നല്ല നടന്മാരായിരിക്കുമെന്നതിന്റെ അവസാന ഉദാഹരണമായി ആനന്ദ് ഏകര്‍ഷിയെ കണക്കാക്കാം.

Content Highlight: Director Anand Ekarshi’s unnoticed role in Balan movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം