ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിലവില്‍ രണ്ടാം ദിനത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 444 (111 ഓവര്‍) റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് മാനവ് സുതറും (22) മുഹമ്മദ് സിറാജുമാണ് (10).

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് നടത്തിയത് മൂന്നാം നമ്പറില്‍ ഇറങ്ങിയ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 230 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടെ 167 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്.

പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്. പ്രഭാത് ജയസൂര്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ലയാണ് പടിക്കലിനെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്. എങ്കിലും തലയുയര്‍ത്തി തന്നെയാണ് പടിക്കല്‍ കളം വിട്ടത്.

ടെസ്റ്റ് മത്സരത്തില്‍ സ്റ്റംപിങ്ങിലൂടെ പുറത്താകുന്ന ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ നേടിയിരിക്കുകയാണ് പടിക്കല്‍. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയാണ് മുന്നിലുള്ളത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 176 റണ്‍സ് നേടി നില്‍ക്കവെയാണ് രോഹിത് സ്റ്റംപിങ്ങിലൂടെ പുറത്താകുന്നത്. ലിസ്റ്റില്‍ സാക്ഷാല്‍ ധോണിയേയും ദ്രാവിഡിനെയും പിന്നിലാക്കിയാണ് പടിക്കല്‍ മുന്നേറിയത്.

സ്റ്റംപ് ചെയ്ത് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറുകള്‍

176 – രോഹിത് ശര്‍മ vs സൗത്ത് ആഫ്രിക്ക

167 – ദേവ്ദത്ത് പടിക്കല്‍ vs ശ്രീലങ്ക (ഇന്ന്)

155 – മുരളി വിജയ് vs ശ്രീലങ്ക

148 – രാഹുല്‍ ദ്രാവിഡ് vs ഇംഗ്ലണ്ട്

148 – എം.എസ്. ധോണി vs പാകിസ്ഥാന്‍

അതേസമയം പടിക്കലിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് കെ.എല്‍ രാഹുലാണ്. 175 പന്തില്‍ 82 റണ്‍സാണ് താരം നേടിയത്. ധ്രുവ് ജുറെല്‍ 51 റണ്‍സും നേടി. മറ്റാര്‍ക്കും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ലായിരുന്നു.

 

Content Highlight: Devdutt Padikkal Surpass Rahul Dravid And M.S Dhoni In A Test Record