ജനതാ ഗാരേജ് ചിത്രത്തിന്റെ സംവിധായകന്‍ കൊരട്ടാല ശിവക്കൊപ്പമുള്ള ജൂനിയര്‍ എന്‍.ടി.ആറിന്റെ ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ദേവര. ഏറെ ഹൈപ്പില്‍ എത്തിയ സിനിമയായിരുന്നു ഇത്. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്നായിരുന്നു ദേവര റിലീസിന് എത്തിയത്.

ഇന്ത്യയില്‍ ഉടനീളം ഈ സിനിമ കാണാനായി കാത്തിരുന്നത് നിരവധി ആളുകളാണ്. അതിന്റെ ഭാഗമായി പല തിയേറ്ററുകള്‍ക്ക് പുറത്തും ജൂനിയര്‍ എന്‍.ടി.ആറിന്റെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ ഒരു തിയേറ്ററിന് പുറത്ത് ഉയര്‍ന്ന നടന്റെ ഭീമന്‍ കട്ടൗട്ടിന് തീ പിടിച്ചതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


ഹൈദരാബാദിലെ സുദര്‍ശന്‍ തിയേറ്ററിന് പുറത്തായിരുന്നു ഭയാനകമായ ഈ സംഭവം നടന്നത്. ദേവരയുടെ റിലീസ് ആഘോഷിക്കാന്‍ ആരാധകര്‍ തിയേറ്ററിന് പുറത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടയിലാണ് കട്ടൗട്ടിന് തീപിടിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നൂറുകണക്കിന് ആരാധകര്‍ തടിച്ചു കൂടിയ സ്ഥലത്താണ് സംഭവം നടന്നത്. തിയേറ്ററിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ നാട്ടുകാരും അഗ്നിശമന സേനയും ഇടപ്പെട്ടത് കാരണം വന്‍ അപകടം ഒഴിവാകുകയായിരുന്നു.

ജൂനിയര്‍ എന്‍.ടി.ആര്‍ ഭൈര എന്ന കഥാപാത്രമായി എത്തിയ ദേവരയില്‍ ജാന്‍വി കപൂറാണ് നായികയായി എത്തിയത്. ചിത്രത്തില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് വില്ലനായി എത്തിയത്.

വിജയ ചിത്രം ആര്‍.ആര്‍.ആറിന് ശേഷം ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായ ചിത്രമാണ് ദേവര. ചിത്രത്തില്‍ പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ എന്നിവരും അഭിനയിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്.

Content Highlight: Devara; Jr NTR’s Cutout Set On Fire By Fans