ന്യൂദല്‍ഹി: ദല്‍ഹി ജന്തര്‍ മന്ദറിലെ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത എസ്.എഫ്.ഐ നേതാവ് ഐഷേ ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ദല്‍ഹി പൊലീസിന്റെ നീക്കത്തിന് തിരിച്ചടി. 2021ലെ ഒരു പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ ഐഷേയെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലെത്തിയിരുന്നു.
എന്നാല്‍ ഈ കേസില്‍ ദല്‍ഹി പട്യാല ഹൗസ് കോടതി ഐഷിയുടെ അറസ്റ്റ് തടഞ്ഞു. ദല്‍ഹി പൊലീസിന്റെ വാറണ്ട് കോടതി സ്‌റ്റേ ചെയ്തു. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെയാണ് സ്‌റ്റേ. ഈ കാലയളവില്‍ ഐഷെക്കെതിരായ അറസ്റ്റ് നടപടികള്‍ കോടതി തടഞ്ഞു.
ഇന്നലെ വൈകിട്ടോടെയായിരുന്നു ദല്‍ഹി പൊലീസ് എ.കെ.ജി ഭവനിലെത്തിയത്. ജോണ്‍ ബ്രിട്ടാസ് എം.പി പൊലീസ് സംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവര്‍ ഐഷെയെ കസ്റ്റഡിയിലെടുക്കാതെ മടങ്ങിപ്പോയി. ഇതിന് പിന്നാലെ ഐഷേ ഘോഷ് പട്യാല ഹൗസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
ജാമ്യമില്ലാ വാറണ്ടായിരുന്നു ദല്‍ഹി പൊലീസ് പുറപ്പെടുവിച്ചത്. ഈ വാറണ്ട് റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മുന്‍കൂര്‍ ജാമ്യ ഹരജി.
ഇന്നലെ യൂണിഫോമിലുള്ള രണ്ട് പൊലീസുകാര്‍ അടക്കം മൂന്ന് പേരടങ്ങുന്ന ഒരു സംഘമാണ് എ.കെ.ജി ഭവനില്‍ ഐഷേയെ അറസ്റ്റ് ചെയ്യാനെത്തിയത്. പൊലീസ് വാഹനത്തിന് പകരം ഒരു സ്വകാര്യ വാഹനത്തിലായിരുന്നു ഇവര്‍ എ.കെ.ജി ഭവനിലെത്തിയത്. സംഘത്തിലെ ഒരു ഉദ്യോഗസ്ഥ യൂണിഫോമിന് പകരം സിവില്‍ വേഷമായിരുന്നു ധരിച്ചിരുന്നത്. ഇവര്‍ക്ക് നെയിം പ്ലേറ്റുമില്ലായിരുന്നു.
പൊലീസ് സ്വകാര്യ വാഹനത്തില്‍ വന്നതിനെയും യൂണിഫോമും നെയിം പ്ലേറ്റുമില്ലാത്തതിനെയും എ.കെ.ജി ഭവനിലെത്തിയ ജോണ്‍ ബ്രിട്ടാസ് ചോദ്യം ചെയ്ത ശേഷമാണ് പൊലീസുകാര്‍ തിരിച്ചു പോയത്. അറസ്റ്റ് ചെയ്യാനാണെങ്കില്‍ ഔദ്യോഗിക വാഹനത്തിലും യൂണിഫോമിലും വരണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ സി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായിരുന്നു ഐഷേ ഘോഷ്. ഐഷേ യെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഐഷെ ഘോഷിനെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമം ഭീരുത്വവും അപലപനീയവുമാണെന്ന് സി.ജെ.പി അഭിപ്രായപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത ഒരാളെയും വെറുതെ വിടില്ലെന്ന സന്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്ന് ദല്‍ഹി പൊലീസിന്റെ നീക്കത്തെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.
2021ല്‍ ഒരു പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിനെതിരായ കേസിലാണ് ഐഷെയെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പൊലീസ് ശ്രമിച്ചതെന്നാണ് വിവരം. ഇത്തരത്തില്‍ പഴയ കേസ് കുത്തിപ്പൊക്കിക്കൊണ്ട് ജന്തര്‍ മന്ദറിലെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അല്ല പോലീസ് നടപടിയെന്ന് വരുത്തിത്തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.
എന്ത് തോന്ന്യവാസവും കാണിക്കാമെന്ന നിലയിലേക്ക് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പോലീസ് അധഃപതിച്ചിരിക്കുകയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും അഭിപ്രായപ്പെട്ടിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് വേട്ടക്കെതിരെ സുപ്രീം കോടതി നിലപാടെടുത്തിട്ടും അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന നിലപാടാണ് മോദിയുടെയും അമിത് ഷായുടെയും പൊലീസ് സ്വീകരിക്കുന്നത്. എ.കെ.ജി സെന്ററില്‍ അതിക്രമിച്ച് കയറിയ മോദിയുടെയും അമിത് ഷായുടെയും പൊലീസിന്റെ നടപടിയെ കുറിച്ച് പറയാന്‍ തെമ്മാടിത്തം എന്നുള്ള വാക്കെങ്കിലും ഉപയോഗിക്കണമെന്നും എം.എ. ബേബി പറഞ്ഞിരുന്നു.
Content Highlight: Delhi Patyala House Court Stayed Warrant Against Aishe Ghosh
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.