ഈ കുറ്റം ഏറ്റെടുത്ത് ഞങ്ങളെ ഒക്കെ രക്ഷിച്ചൂടെ; വൈറലായി മോഹിനിയാട്ടം ഡിലീറ്റഡ് സീന്‍
Malayalam Cinema
ഈ കുറ്റം ഏറ്റെടുത്ത് ഞങ്ങളെ ഒക്കെ രക്ഷിച്ചൂടെ; വൈറലായി മോഹിനിയാട്ടം ഡിലീറ്റഡ് സീന്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 16th June 2026, 9:13 am

ആദ്യഭാഗത്തിനേറ്റ പരാജയം തങ്ങള്‍ അര്‍ഹിച്ചിരുന്നില്ലെന്ന് തെളിയിച്ചുകൊണ്ട് അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഭരതനാട്യം 2 മോഹിനിയാട്ടം. 2024ല്‍ പുറത്തിറങ്ങി അപ്രതീക്ഷിതമായി പരാജയപ്പെടുകയും പിന്നീട് ഒ.ടി.ടിയില്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രം ആദ്യ ഭാഗത്തിനേറ്റ ക്ഷീണം തീര്‍ത്തായിരുന്നു തിയേറ്റര്‍ വിട്ടത്.

സൈജു കുറുപ്പിനും ടീമിനുമൊപ്പം ആദ്യ ഭാഗത്തിലില്ലാതിരുന്ന സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍, വിനയ് ഫോര്‍ട്ട്, ജഗദീഷ് തുടങ്ങിയവരും ചേര്‍ന്നപ്പോള്‍ ചിത്രം മലയാളത്തില്‍ ഇന്നേ വരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച ഡാര്‍ക്ക് കോമഡി ക്രൈം ത്രില്ലറായി മാറുകയായിരുന്നു. തിയേറ്ററില്‍ നിന്നും 40 കോടിയിലധികം സ്വന്തമാക്കിയ ചിത്രം നെറ്റ്ഫ്‌ളിക്‌സിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ഭരതനാട്യം 2 മോഹിനിയാട്ടം. Photo: The Hindu

ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്ത ഒരു രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നന്ദു പൊതുവാള്‍ അവതരിപ്പിച്ച അശോകന്‍ എന്ന കഥാപാത്രവും ഭാര്യയും തമ്മിലുള്ള സീനാണ് ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നത്. ഈ സീനാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

സുരാജിന്റെ കഥാപാത്രം ഗോവിന്ദരാജയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടുമെന്ന ഭയത്തില്‍ അശോകന്‍ കയറില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് കണ്ടുകൊണ്ട് വരുന്ന വീട്ടുകാര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നുണ്ട്. ഇതിന് ശേഷം അശോകനും ഭാര്യയും തമ്മിലുള്ള സംഭാഷണമാണ് ഡിലീറ്റ് ചെയ്ത രംഗത്തിലുള്ളത്. തന്റെ മക്കളെ വിളിച്ച് സംസാരിക്കുന്ന അശോകന്‍ മക്കള്‍ നന്നായി പഠിക്കണമെന്നും ഇനി അച്ഛനും അമ്മയും ഇല്ലാതെ ജീവിക്കാന്‍ പഠിക്കണമെന്നും കുട്ടികള്‍ക്ക് ഉപദേശം നല്‍കുന്നുണ്ട്.

എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാമെന്ന ഭയത്തിലാണ് ഇത് പറയുന്നതെങ്കിലും സംവിധായകന്‍ ഈ രംഗത്തിലേക്ക് ഹാസ്യം കൊണ്ടുവന്ന രീതി ശ്രദ്ധേയമാണ്. തൂങ്ങാന്‍ ശ്രമിച്ച് കഴുത്തിന് പരിക്ക് പറ്റിയ ഭര്‍ത്താവിന് സ്‌നേഹത്തോടെ ദിവ്യ എം.നായര്‍ അവതരിപ്പിച്ച ഭാര്യ മരുന്നിട്ട് നല്‍കുന്നുണ്ടെങ്കിലും ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടെങ്കില്‍ ഈ കൊലക്കുറ്റം ഒറ്റയ്ക്ക് ഏറ്റെടുത്ത് ജയിലില്‍ പൊയ്ക്കൂടെ എന്ന് അശോകനോട് ചോദിക്കുന്നത് വീഡിയോ കാണുന്നവരില്‍ ചിരിയുണര്‍ത്തുന്നുണ്ട്.

ഡിലീറ്റഡ് സീന്‍. Photo: X.com

ഭരതനാട്യത്തില്‍ മുഴുനീള വേഷമുണ്ടായിരുന്ന കുട്ടികളാണ് ഡിലീറ്റഡ് വീഡിയോയില്‍ വീഡിയോ കോളിലൂടെ പ്രത്യക്ഷപ്പെട്ടത്. ഈ രംഗം ഒഴിവാക്കേണ്ടിയിരുന്നില്ലെന്നും രണ്ട് കുട്ടികളെ കൂടെ രണ്ടാം ഭാഗത്തില്‍ ഉള്‍പെടുത്താമായിരുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Deleted scene from Bharathanatyam 2 Mohiniyattam goes viral

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.