ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
ഇപ്പോള്‍ ഈ പരമ്പരക്ക് മുന്നോടിയായി വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ് ഗുപ്ത. ശ്രീലങ്കന്‍ പരമ്പരയില്‍ പന്ത് ആക്രമണാത്മകമായി ബാറ്റ് ചെയ്യണമെന്നാണ് ദീപ് ദാസ് ഗുപ്ത പറഞ്ഞത്.
പ്രതിരോധിച്ചുകൊണ്ട് പുറത്താവുന്നതിനേക്കാള്‍ അറ്റാക്ക് ചെയ്ത് സിക്‌സര്‍ നേടാന്‍ ശ്രമിച്ചുകൊണ്ട് പുറത്താവുന്നതാണ് നല്ലതെന്നും ദീപ് ദാസ് ഗുപ്ത പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘അദ്ദേഹം പതിവ് പോലെ തന്നെ ആക്രമണാത്മകമായി ബാറ്റ് ചെയ്യണം. നേരത്തെ ചില മത്സരങ്ങളില്‍ അദ്ദേഹം ഡിഫന്‍ഡ് ചെയ്ത് കളിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ശക്തമായി പ്രതിരോധിച്ചുകൊണ്ട് പുറത്താവുന്നതിനേക്കാള്‍ അറ്റാക്ക് ചെയ്ത് സിക്‌സര്‍ നേടാന്‍ ശ്രമിച്ചുകൊണ്ട് പുറത്താവുന്നതാണ് എനിക്കിഷ്ടം.
പന്തിന് സ്വതന്ത്രമായി കളിക്കാനുള്ള അവസരം നല്‍കണം. അതാണ് അദ്ദേഹത്തിന്റെ ശക്തി. ശ്രീലങ്കന്‍ ടീമിലെ സ്പിന്നര്‍മാര്‍ കൂടുതലും ഇടംകൈ സ്പിന്നര്‍മാരാണ്. അതുകൊണ്ട് റിഷബ് മികച്ച ഫോമിലും ശരിയായ മാനസികാവസ്ഥയിലും തുടരുന്നത് ഈ പരമ്പരയില്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്,’ ദീപ് ദാസ് ഗുപ്ത പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരെയുള്ള വണ്‍ ഓഫ് ടെസ്റ്റില്‍ പന്ത് മികച്ച പ്രകടനമാണ് നടത്തിയത്. അഫ്ഗാനെതിരെ 121 പന്തുകള്‍ നേരിട്ട് 81 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്‌സറുകളും ആറ് ഫോറുകളുമാണ് വിക്കറ്റ് കീപ്പര്‍ സ്‌കോറുടെ ഇന്നിങ്സ്. ഈ പ്രകടനം ലങ്കക്കെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.
റെഡ് ബോളില്‍ കഴിഞ്ഞ സമീപകാലങ്ങളില്‍ ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ലങ്കന്‍ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.