വൈറസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ദീപ തോമസ്. ഹോം, മോഹന്‍കുമാര്‍ ഫാന്‍സ്, സുലൈഖ മന്‍സില്‍, പെരുമാനി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായി തെലുങ്കില്‍ അഭിനയിച്ച റാവു ബഹദൂര്‍ എന്ന ചിത്രത്തില്‍ തെലുങ്ക് സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുവെന്ന് നടി പറഞ്ഞു. ഭാഷ പഠിക്കാന്‍ പ്രത്യേകം സമയം കണ്ടെത്തിയിരുന്നെന്നും പിന്നീട് ഡബ്ബിങ് ചെയ്യേണ്ടി വന്ന അനുഭവത്തെക്കുറിച്ചും തുറന്ന് പറയുകയാണ് ഇപ്പോള്‍ താരം. ഇന്‍ഡിവുഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
ഞാന്‍ മനസിലാക്കിയിടത്തോളം തെലുങ്ക് കുറച്ച് ബുദ്ധിമുട്ടുള്ള ഭാഷയാണ്. അതിലെ ചില വാക്കുകളൊക്കെ എനിക്ക് തുടക്കത്തില്‍ വെല്ലുവിളിയായിരുന്നു. അതുകൊണ്ട് ഇരുന്ന് ഭാഷ പഠിക്കാനാണ് ഞാന്‍ ആദ്യം ശ്രമിച്ചതും എന്ന് നടി പറഞ്ഞു.
‘ആദ്യം സിനിമ സിങ്ക് സൗണ്ടിലാണ് ചിത്രീകരിച്ചത്. പക്ഷേ ഷൂട്ട് കഴിഞ്ഞ് ഏകദേശം നാല് ദിവസം കഴിഞ്ഞപ്പോള്‍ ചില ഭാഗങ്ങള്‍ അത്ര കറക്റ്റായി വന്നിട്ടില്ലെന്ന് തോന്നി. അതുകൊണ്ടാണ് പിന്നീട് ഡബ്ബിങ് ചെയ്യാന്‍ തീരുമാനിച്ചത്. ഞാന്‍ എന്റെ മാക്‌സിമം ശ്രമിച്ചിരുന്നു. പക്ഷേ ഇടയ്ക്ക് അറിയാതെ കുറച്ച് മലയാളം വാക്കുകളും ഉച്ചാരണശൈലിയും കയറിവരുന്നുണ്ടായിരുന്നു. ട്രോള്‍ മെറ്റീരിയലാകേണ്ടെന്ന് കരുതി ഡബ്ബിങ് ചെയ്യാമെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞത്,’ നടി പറഞ്ഞു.
സത്യത്തില്‍ എന്റെ സ്വന്തം ശബ്ദത്തില്‍ തന്നെ ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ സിനിമയ്ക്ക് ഏറ്റവും നല്ലത് എന്താണോ അതാണ് വേണ്ടതെന്ന് തോന്നി. അതുകൊണ്ടാണ് അലൈക്ക എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. അവര്‍ വളരെ വൃത്തിയായും ഭംഗിയായും അത് ചെയ്തിട്ടുണ്ട്. മൊത്തത്തില്‍ പറഞ്ഞാല്‍, തനിക്ക് വളരെ വ്യത്യസ്തമായ ഒരു അനുഭവവും പുതിയൊരു സ്‌പേസും തന്നെയായിരുന്നു ചിത്രത്തിലേത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
വെങ്കിടേഷ് മഹാ സംവിധാനം ചെയ്ത തെലുങ്ക് സൈക്കോളജിക്കല്‍ ഡാര്‍ക്ക് കോമഡി ചിത്രമാണ് റാവു ബഹദൂര്‍. സത്യദേവ്, വികാസ് മുപ്പല, ദീപ തോമസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ജൂലൈ 31 ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനെത്തും.
Content Highlight: Deeepa Thomas talks about Dubbing In Rao Bahadoor