തിരുവനന്തപുരം: നടി പാര്‍വതിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം.  ശ്രീജിത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് സൈബര്‍ ആക്രമണം നടക്കുന്നത്.

എന്നാല്‍ വിഷയത്തിന്റെ പ്രസക്തി മനസിലാക്കാതെ പാര്‍വതിയുടെ പോസ്റ്റ് എന്ന ഒറ്റകാരണത്താല്‍ ആണ് സൈബര്‍ ആക്രമണം നടക്കുന്നത്. കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതാണ് പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്.

“ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്നേഹം. ബഹുമാനം. ഐക്യം.” എന്നായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റ്.

എന്നാല്‍ ശ്രീജിത്തിനെ പിന്തുണച്ച് പാര്‍വതി പോസ്റ്റ് ഇടെണ്ടെന്നും നഷ്ടപ്പെട്ടു പോയ പേര് വീണ്ടെടുക്കാനുള്ള സൈകോളജിക്കല്‍ മൂവാണ് പാര്‍വതിയുടെ പോസ്റ്റ് എന്ന് പറഞ്ഞു കൊണ്ടാണ് സൈബര്‍ ആക്രമണം തുടരുന്നത്. മോശമായ ഭാഷയിലാണ് പലരുടെയും പ്രതികരണം.

പാര്‍വതിയെ പിന്തുണക്കുന്നവരുടെ കമന്റുകള്‍ക്ക് അടിയിലും സൈബര്‍ ആക്രമണം നടത്തുന്നവര്‍ എത്തുന്നുണ്ട്.