അഗര്‍ത്തല: വ്യാപകമായ ബി.ജെ.പി ആക്രമണത്തെ തുടര്‍ന്ന് ത്രിപുരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.പി.ഐ.എം പ്രവര്‍ത്തകര്‍രെയും ഓഫിസുകളെയും ലക്ഷ്യമിട്ടുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ സംഘടിതമായ അക്രമത്തെ തുടര്‍ന്നാണ് സംഘര്‍ഷ മേഖലകളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് വ്യാപകമായ അക്രമങ്ങളാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ത്രിപുരയില്‍ നടത്തിവരുന്നത്. തെക്കന്‍ ത്രിപുരയിലെ ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്‍ പ്രതിമ അക്രമികള്‍ ഇന്നലെ രാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.
ഇന്നലെ വരെ മൂന്ന് പേരെ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. നാല് പരാതികള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു. വെസ്റ്റ് ത്രിപുരയിലെ സിദ്ധൈ മേഖലയിലെ രണ്ട് സി.പി.ഐ.എം ഓഫിസ് കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകര്‍ തീവച്ച് നശിപ്പിച്ചിരുന്നു. നോര്‍ത്ത് ത്രിപുരയില്‍ സി.പി.ഐ.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.
ഇതുവരെ 240 പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം ആരോപിച്ചിട്ടുണ്ട്. നിരവധി പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തതായും അറിയിച്ചു. “ബി.ജെ.പി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് ഭയം വളര്‍ത്തുകയാണെന്നാണ്” സി.പി.ഐ.എം സംഭവത്തില്‍ ട്വീറ്റ് ചെയ്തത്. 1539 വീടുകള്‍ക്കുനേരെ അക്രമം ഉണ്ടായതായും തീവയ്പ്പും കൊള്ളയുമാണ് നടക്കുന്നതെന്നും സി.പി.ഐ.എം ബിജന്‍ധര്‍ പറഞ്ഞു.
