ഹവാന: അമേരിക്കയുടെ കടുത്ത ഉപരോധത്തെ തുടര്‍ന്ന് ക്യൂബ നേരിടുന്ന വൈദ്യുതി പ്രതിസന്ധി വീണ്ടും രൂക്ഷമായി. ശനിയാഴ്ചത്തെ വൈദ്യുതി തകരാറിന് പിന്നാലെ ഞായറാഴ്ച രാജ്യം വീണ്ടും ഇരുട്ടിലായി.
പത്തു ദിവസത്തിനുള്ളില്‍ മൂന്നാമത്തെ തവണയാണ് ക്യൂബയില്‍ വൈദ്യുതി മുടങ്ങുന്നത്. ഇന്ധന കപ്പലുകള്‍ ക്യൂബയിലേക്കെത്താതിരിക്കാന്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയോടെയാണ് വൈദ്യുതി വിതരണം പൂര്‍ണമായി നിലച്ചത്.
രാജ്യത്തെ പ്രധാന വൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ പലയിടങ്ങളിലും ദീര്‍ഘനേരം വൈദ്യുതി നിലച്ചു. ഇതോടെ ഹവാന, പിനാര്‍ ദെല്‍ റിയോ, ഗ്വാണ്ടനാമോ, മാതന്‍സാസ് തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം ശക്തമായി.
വൈദ്യുതി പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പാടുപെടുന്നതിനിടെയാണ് ക്യൂബയുടെ ദേശീയ വൈദ്യുതി ഗ്രിഡ് വീണ്ടും തകരാറിലായത്.
സാമ്പത്തിക പ്രതിസന്ധിയും ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമവും ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മതാന്‍സാസ്, സിയന്‍ഫ്യൂഗോസ്, സാന്താക്ലാര നഗരങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ലൈനുകള്‍ ഒരേസമയം തകരാറിലായതാണ് വൈദ്യുതി വിതരണം നിലയ്ക്കാന്‍ കാരണമായതെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു.
തലസ്ഥാനമായ ഹവാന, പി നാര്‍ ദെല്‍ റിയോ, ആര്‍ട്ടെമിസ, മായബെക്, മതാന്‍സാസ് പ്രവിശ്യകള്‍ ഇരുട്ടിലായതോടെ രാജ്യത്ത് അടിയന്തിര നടപടികള്‍ സ്വീകരിച്ചു.
ആശുപത്രികള്‍, കുടിവെള്ള വിതരണ സംവിധാനം എന്നിവയ്ക്ക് തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ഇലക്ട്രിക് യൂണിയന്‍ ജീവനക്കാരെ വിന്യസിപ്പിക്കുമെന്നും ഊര്‍ജ മന്ത്രാലയം അറിയിച്ചു.
1960 മുതല്‍ യു.എസിന്റെ കടുത്ത ഉപരോധങ്ങള്‍ നേരിടുന്ന രാജ്യമാണ് ക്യൂബ. 2025 ജനുവരിയില്‍ ഡോണള്‍ഡ് ട്രംപ് രണ്ടാമതും യുഎസ് പ്രസിഡന്റായശേഷം ഉപരോധങ്ങള്‍ കടുപ്പിച്ചു.
ഈ വര്‍ഷം ക്യൂബയിലേക്കുള്ള പ്രധാന എണ്ണക്കപ്പലുകള്‍ അമേരിക്ക തടഞ്ഞതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി.
രാജ്യത്തേക്ക് ഇന്ധനം എത്തിക്കാനോ താപ വൈദ്യുതി നിലയങ്ങളുടെ അറ്റകുറ്റപ്പണി നടത്താനോ സാധിക്കുന്നില്ല.
ഇതേ തുടര്‍ന്ന് സമീപ മാസങ്ങളിലായി കടുത്ത ഇന്ധനക്ഷാമവും ദിവസേനയുള്ള വൈദ്യുതി തടസ്സവുമാണ് ക്യൂബയിലെ ജനങ്ങള്‍ നേരിടേണ്ടി വന്നത്. ഉപരോധം അവസാനിപ്പിക്കണമെന്ന ആവശ്യം ക്യൂബ ആവര്‍ത്തിച്ചെങ്കിലും ഇതുവരെ അനുകൂല തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
Content Highlight: Cuba’s power grid collapses again despite restoration efforts
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.