ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം വിന്‍ഡീസ് ഏഴ് പന്തും രണ്ട് വിക്കറ്റും കയ്യിലിരിക്കെ മറികടക്കുകയായിരുന്നു.

ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനുമുയരുന്നുണ്ട്. അനുഭവ സമ്പത്തുള്ള സീനിയര്‍ താരം യൂസ്വേന്ദ്ര ചഹലിനെ നാല് ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതാണ് ഇതിലൊന്ന്.

തന്റെ മൂന്നാം ഓവറില്‍ മൂന്ന് വിക്കറ്റ് ഇന്ത്യക്ക് സമ്മാനിച്ച് മികച്ച നിലയില്‍ നില്‍ക്കവെയാണ് ഹര്‍ദിക് ചഹലിനെ പന്തേല്‍പിക്കാതിരുന്നത്. 16ാം ഓവറിലെ ആദ്യ പന്തില്‍ റോവ്മന്‍ പവല്‍ ഡയമണ്ട് ഡക്കായി പുറത്തായിരുന്നു.

ഇതിന് പുറമെ ആരാധകരും ഹര്‍ദിക്കിനെതിരെ പരസ്യമായി തന്നെ രംഗത്ത് വരുന്നുണ്ട്.

2011ന് ശേഷം ഇതാദ്യമായാണ് ബൈലാറ്ററല്‍ മത്സരങ്ങളില്‍ ഇന്ത്യ വിന്‍ഡീസിനോട് തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുന്നത്. ഈ പരാജയത്തിന് പിന്നാലെ പരമ്പരയില്‍ ഇന്ത്യയുടെ നില കൂടുതല്‍ വഷളായിരിക്കുകയാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് നാണക്കേടില്‍ നിന്നും കരകയറാന്‍ സാധിക്കൂ.

ആഗസ്റ്റ് എട്ടിനാണ് പരമ്പരയിലെ മൂന്നാം മത്സരം. പ്രൊവിഡന്‍സ് സ്റ്റേഡിയം തന്നെയാണ് വേദി.

 

Content highlight: Criticism against Hardik Pandya’s captaincy