ജൗഹര്‍ സര്‍വകലാശാലയിലെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നതിന് ഇടക്കാല സ്റ്റേ
India
ജൗഹര്‍ സര്‍വകലാശാലയിലെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നതിന് ഇടക്കാല സ്റ്റേ
റെന്വര്‍ പി
Monday, 27th July 2026, 11:42 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയിലെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നതിന് കോടതിയുടെ ഇടക്കാല സ്‌റ്റേ. മൊറാദാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ കോടതിയാണ് നടപടി സ്റ്റേ ചെയ്തത്.

റാംപൂരിലുള്ള മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയിലെ 40 കെട്ടിടങ്ങളില്‍ 38 എണ്ണവും ഇടിച്ചുനിരത്താനാണ് യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കം. ഇതിനെതികരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.

കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് വരെയാണ് കെട്ടിടം പൊളിക്കുന്നതിനുള്ള ഇടക്കാല സ്റ്റേ.

സര്‍വകലാശാല സമിതി ഒരു അപേക്ഷ സമര്‍പ്പിച്ചതിനാലാണ് കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടിയില്‍ ഇടക്കാല സ്റ്റേയ്ക്ക് അനുമതി നല്‍കിയതെന്ന് ഡിവിഷനല്‍ കമ്മീഷണര്‍ ആഞ്ജനേയ സിങ് അറിയിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നാളെയായിരുന്നു (ജൂലൈ 28, ചൊവ്വ) ഈ വിഷയം കോടതി പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ മൊറാദാബാദിലെ ഒരു അഭിഭാഷകന്റെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള യോഗം നാളെ നടക്കുന്നതിനാല്‍ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.

2006ലാണ് മുഹമ്മദ് അലി ജൗഹര്‍ യൂണിവേഴ്‌സിറ്റിസ്ഥാപിതമായത്. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ സ്വപ്ന പദ്ധതിയായിരുന്നു സര്‍വകലാശാല.

എന്നാല്‍ സമീപകാലത്തായി ഭൂമി കൈയേറ്റം, ലീസ് നിയമ ലംഘനം തുടങ്ങിയ ഒട്ടനവധി നിയമപ്രശ്‌നങ്ങളും വിവാദങ്ങളും സര്‍വകലാശാലക്കെതിരെ ഉയര്‍ന്നു. അടുത്തിടെ, സര്‍വ്വകലാശാല കാമ്പസിലെ 40 ബ്ലോക്കുകളില്‍ 38 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ റാംപൂര്‍ ഡെവലപ്മെന്റ് അതോറിറ്റി (ആര്‍.ഡി.എ) ഉത്തരവിട്ടിരുന്നു.

യു.പി അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് ആക്ട്, 1973-ലെ സെക്ഷന്‍ 27(1) പ്രകാരമായിരുന്നു ഈ നടപടി. ഈ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് അതോറിറ്റിയുടെ അംഗീകൃത പ്ലാന്‍ ഇല്ലാതെയാണെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

സര്‍വകലാശാലയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ സമാജ് വാദി പാര്‍ട്ടി എം.പിമാരും എം.എല്‍.എമാരും കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയിരുന്നു. സര്‍വകലാശാലക്കെതിരെ വിവേചന പരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്നു.

ജൗഹര്‍ സര്‍വകലാശാലയ്‌ക്കെതിരെ ഈ വിവേചനവും ദ്രോഹവും എന്തിനാണെന്ന് അഖിലേഷ് കഴിഞ്ഞ ദിവസം ഒരു എക്സ് പോസ്റ്റില്‍ ചോദിച്ചിരുന്നു. യു.പി സര്‍ക്കാരിന് ഭരണപരമായ ഉത്തരവിറക്കി മറ്റ് പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ക്രമപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. അത് ജൗഹര്‍ സര്‍വകലാശാലയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് ചെയ്യാന്‍ പറ്റാത്തതെന്നും അദ്ദേഹം ചോദിച്ചു.

യുവാക്കളുടെ ഭാവിയെ ബി.ജെ.പി അവരുടെ പ്രതികാര തീയിലേക്ക് വലിച്ചെറിയരുതെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.

Content Highlight: Court grants interim stay on demolition of Jauhar University

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.