മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന പുതിയ ചിത്രത്തെച്ചൊല്ലി നിർമാതാവും മുൻ സംവിധായകനും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് ഇൻസ്റ്റഗ്രാമിലൂടെ പരോക്ഷ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ സംവിധായകൻ ഓസ്റ്റിൻ ഡാൻ തോമസ്.
ചിലർ സത്യത്തെ ചെറിയ രീതിയിൽ മറച്ചുവെക്കാനും അലങ്കാരങ്ങളിലൂടെ ഒളിപ്പിക്കാൻ ശ്രമിച്ചാലും കാലം കടന്നുപോകുമ്പോൾ കള്ളങ്ങൾ മായുമെന്നും സത്യം തനിയെ വെളിപ്പെടുമെന്നുമാണ് ഓസ്റ്റിൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു സംവിധായകന്റെ ഈ പ്രതികരണം. സിനിമയുടെ അണിയറയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കാം എന്ന സൂചനയും ഓസ്റ്റിന്റെ വാക്കുകൾ നൽകുന്നുണ്ട്.
ആന്റണി പെരുമ്പാവൂർ,മോഹൻലാൽ,ഓസ്റ്റിൻ ഡാൻ.Photo: The Holly Wood Reporter
‘ചിലർ സത്യത്തെ ചെറിയൊരു മറച്ചുവെക്കലിലൂടെയും അലങ്കാരങ്ങളിലൂടെയും ഒളിപ്പിക്കാമെന്ന് കരുതുന്നു. എന്നാൽ കാലം കടന്നുപോകുമ്പോൾ സത്യം സ്വയം വെളിവാകുകയും കള്ളം ക്രമേണ മാഞ്ഞുപോകുകയും ചെയ്യും,’ഓസ്റ്റിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ.
കഴിഞ്ഞ ദിവസം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് ആന്റണി പെരുമ്പാവൂർ ഈ വിവാദ വെളിപ്പെടുത്തൽ നടത്തിയത്. ‘അതിമനോഹരം’ എന്ന ചിത്രം ആദ്യം സംവിധാനം ചെയ്യേണ്ടിയിരുന്നത് ഓസ്റ്റിൻ ഡാൻ തോമസ് ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ചിത്രീകരണം ആരംഭിക്കാൻ കൃത്യം ഒരു മാസം ബാക്കിയുള്ളപ്പോൾ സംവിധായകൻ പെട്ടെന്ന് പരിഭ്രാന്തനാവുകയും, ഫോൺ പോലും എടുക്കാതെ കാണാതാവുകയും ചെയ്തു എന്നായിരുന്നു നിർമാതാവിന്റെ ആരോപണം. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉള്ളതുകൊണ്ടാണ് പുതിയ സംവിധായകരെ വെച്ച് പരീക്ഷണങ്ങൾക്ക് മുതിരാൻ തനിക്ക് ഭയമാണെന്നും ആന്റണി പെരുമ്പാവൂർ ആരാധകരോട് തുറന്നുപറഞ്ഞിരുന്നു.
ആന്റണി പെരുമ്പാവൂരിന്റെ ഈ പരാമർശം വലിയ രീതിയിൽ ചർച്ചയായതിന് തൊട്ടുപിന്നാലെയാണ് ഓസ്റ്റിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വരുന്നത്.
നിർമാതാവിന്റെ ആരോപണം തള്ളിക്കളയുന്ന രീതിയിലുള്ള സംവിധായകന്റെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.വിവാദങ്ങൾക്ക് പിന്നാലെ, മോഹൻലാലിന്റെ പുതിയ ചിത്രം ‘അതിമനോഹരം’ തരുൺ മൂർത്തിയുടെ സംവിധാനത്തിലാണ് ഇപ്പോൾ ഒരുങ്ങുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ ആരോപണവും അതിന് പിന്നാലെ വന്ന ഓസ്റ്റിന്റെ മറുപടിയും മലയാള സിനിമാ ലോകത്ത് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്. വലിയ പ്രതീക്ഷകളോടെ ഒരുങ്ങുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ തുടക്കകാലത്തെ പ്രതിസന്ധികളാണ് ഇപ്പോൾ ഈ വിവാദത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
Content Highlight: Controversy between Antony Perumbavoor and director Austin Dan